×

വൈറസ് ബാധയുമായി എത്തുന്ന രോഗി... അനേകം പേർ അവനെ കടന്നു പോകുന്നു, എന്നിട്ടും ചിലർക്ക് മാത്രം എന്തുകൊണ്ട് അസുഖം കിട്ടുന്നു?

Posted By

IMAlive, Posted on August 29th, 2019

The Real Reason You Get Sick especially during Rainy season by Dr Sajeela AK

ലേഖിക  : Dr Sajeela AK, Assistant surgeon, PHC Cheriyamundam, Malappuram

മഴ... എന്തുമാത്രം കാൽപനികമാണത്. വരികളിലും വരകളിലും ദൃശ്യങ്ങളിലും ഒക്കെ താളാത്മകമായി നിറഞ്ഞു പെയ്ത് അത് നമ്മെ കുളിരണിയിച്ചു കൊണ്ടേ ഇരിക്കുന്നു....

പിന്നെന്തേ 'മഴക്കാല'മെന്ന് പറയുമ്പോൾ ഏറ്റവും കൂടുതൽ ഒപ്പം ചേർക്കാൻ പറ്റുന്ന വാക്കായി 'രോഗങ്ങൾ' എന്ന് ഗൂഗിൾ അടക്കം പറഞ്ഞു തരുന്നു?

നമ്മുടെ കൊച്ചു കേരളത്തിലെ മരണ നിരക്ക് എടുത്ത് പരിശോധിച്ചാലറിയാം, കൂടുതൽ മരണങ്ങൾ നടക്കുന്നത് ജൂൺ,ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ ആണ്. രോഗാതുരതയുടെ അളവുകോലായി കാണാവുന്ന ആശുപത്രികളിലെ രോഗികളുടെ എണ്ണക്കണക്കും അങ്ങനെ തന്നെ. മുൻപിലിരിക്കുന്ന ഒപി റജിസ്‌റ്ററിൽ നോക്കിയാൽ കാണാം, മുൻ മാസങ്ങളിൽ വന്നിരുന്നതിന്റെ മൂന്നോ നാലോ ഇരട്ടി ആകും ജൂൺ, ജൂലൈ, ഓഗസ്റ്റിൽ ചികിൽസ തേടി എത്തുന്നവരുടെ എണ്ണം .

മെഡിക്കൽ കോളേജ് കാഷ്വാലിറ്റിയിൽ വൈറസ് ബാധയുമായി എത്തുന്ന രോഗി... അനേകം പേർ അവനെ കടന്നു പോകുന്നു, പരിചരിക്കുന്നു... എന്നിട്ടും ചിലർക്ക് മാത്രം എന്തുകൊണ്ട് അസുഖം കിട്ടുന്നു? വിശദീകരണം നൽകാൻ അത്രയൊന്നും എളുപ്പമല്ലാത്ത ഒരു ചോദ്യമാണത്.

പകർച്ചവ്യാധികളുടെ കാര്യത്തിൽ ഏജന്റ് അഥവാ രോഗാണു, ഹോസ്റ്റ് അഥവാ അണു ശരീരത്തിൽ പ്രവേശിക്കപ്പെട്ടവൻ, എൻവയോണ്മെൻറ് അഥവാ ചുറ്റുപാടുകൾ എന്നിവയ്ക്കെല്ലാം അവയുടേതായ പങ്കുണ്ട്. ഇതെല്ലാം ചേരും പടി ചേരുമ്പോഴാണ് മഹാവ്യാധികൾ രൂപപ്പെടുന്നത്. പകർച്ചവ്യാധികൾ പരത്തുന്ന അണുക്കൾ, അവ വൈറസോ ബാക്റ്റീറിയയോ ഫംഗസോ പരാദജീവികളോ ആയ്ക്കോട്ടെ, അവ പെറ്റു പെരുകാനും രോഗകാരികളാകാനും ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരാനുമുള്ള സാഹചര്യം മഴക്കാലത്ത് കൂടുതലാകുന്നു. അന്തരീക്ഷത്തിലെ താഴ്ന്ന താപനില, ഉയർന്ന ഈർപ്പം, തോടും തൊടിയും ഒന്നാകുന്ന ഒഴുക്കുവെള്ളം, ചെറുതും വലുതുമായ വെള്ളക്കെട്ടുകൾ, എലിയും ഈച്ചയും കൊതുകും പെറ്റുപെരുകുന്ന സാഹചര്യങ്ങൾ... മഴയോടൊപ്പം സ്വാഭാവികമായി കാണപ്പെടുന്ന ഇക്കാര്യങ്ങളൊക്കെ രോഗാണു വളർച്ചയേയും പകർച്ചയേയും സഹായിക്കുന്നു. അതിനാൽ മഹാമാരികൾ വിരുന്നെത്തുന്നത് സ്വാഭാവികം.

രോഗങ്ങളുടെ പകർച്ചാ ശൃംഖല തകർക്കണമെങ്കിൽ രോഗാണുക്കളുടെ സ്വഭാവ സവിശേഷതകൾ, പകർച്ചാരീതികൾ, മനുഷ്യന്റെയും ഇതരജീവികളുടെയും ഉള്ളിൽ അവയുടെ അധിവാസം എന്നിവയെ പറ്റി ഒരേകദേശ ധാരണ ഉണ്ടാവേണ്ടത് അവശ്യമാണ്.

പുറമെ നിന്നുള്ള വസ്തുക്കൾ ഏതെല്ലാം വിധത്തിൽ ശരീരത്തിൽ എത്തുന്നുവോ ആ വഴികളിലൂടെയെല്ലാം രോഗാണുക്കളും ഉള്ളിൽ എത്താൻ സാധ്യതയുണ്ട്. ശ്വസിക്കുന്ന വായുവിലൂടെയും ഭക്ഷണ പാനീയങ്ങൾ വഴിയും മുറിവുകളിലൂടെയും രോഗങ്ങൾ പകരാം. പ്രാണികളുടെയും മൃഗങ്ങളുടെയും കടിയേൽക്കുന്നതിലൂടെയും അണുക്കൾ ശരീരത്തിനുള്ളിലെത്താം.

?ശ്വാസം ഉള്ളിലേക്കെടുക്കുമ്പോൾ, വായുവിൽ കലർന്ന രോഗാണുക്കൾ നമ്മുടെ ഉള്ളിലും എത്തുന്നു.ഒട്ടു മിക്ക വൈറസ് രോഗങ്ങളും ഇവ്വിധം പകരുന്നവയാണ്. സാദാ ജലദോഷം മുതൽ H1N1, നിപ്പാ പോലുള്ള മാരക വൈറസുകൾ വരെ ഇതിൽ പെടുന്നു. ടിബി, ഡിഫ്തീരിയ തുടങ്ങിയ ബാക്ടീരിയ അസുഖങ്ങളും പകരുന്നത് ശ്വാസവായുവിലൂടെ തന്നെയാണ്.
പകർച്ച തടയാനുള്ള മാർഗങ്ങൾ രണ്ടറ്റത്തും വേണം.
രോഗി ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാലകളും മാസ്കുകളും ഉപയോഗിക്കുക, ശരിയാം വിധം കൈകഴുകുക എന്നിവ അതിപ്രധാനം. അതുപോലെ ആൾക്കൂട്ടങ്ങളും ആഘോഷങ്ങളും അസുഖ ബാധിതർ ഒഴിവാക്കുകയും വേണം. സ്കൂളിന്റെ കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. പകർച്ച വ്യാധികളുടെ സമയത്ത് ശരിയായ രീതിയിൽ മാസ്കുകൾ ധരിച്ചും കൈകഴുകൽ ശീലമാക്കിയും ഒരു പരിധിവരെ രോഗാണുക്കൾ ശരീരത്തിലെത്തുന്നത് തടയാൻ സാധിക്കും. ഡിഫ്തീരിയ, വില്ലൻചുമ, മീസിൽസ്, റൂബെല്ല തുടങ്ങിയവ തടയണമെങ്കിൽ പ്രതിരോധ കുത്തിവയ്‌പുകളും അനിവാര്യം.

?രണ്ടാമത്തെ വഴി വായിലൂടെയാണ്. ചിലയിനം മഞ്ഞപ്പിത്തം, വയറിളക്ക രോഗങ്ങൾ തുടങ്ങി നിരവധി വൈറസുകൾ ഈ വഴി പടരുന്നവയാണ്. അതു പോലെ ഡിസെൻട്രി, ടൈഫോയ്ഡ്, കോളറ തുടങ്ങിയവ പരത്തുന്ന ബാക്ടീരിയകളും വിരകൾ അടക്കമുള്ള പരാദജീവികളും. ഈവഴി ഒന്നു കൂടി കൃത്യമായിപറഞ്ഞാൽ 'ഫീകോ ഓറൽ റൂട്ട്' ആണ്. അതായത് രോഗിയുടെ മലത്തിലൂടെ പുറംതള്ളപ്പെടുന്ന അണുക്കൾ മറ്റൊരാളുടെ വായിൽ എത്തിചേരുന്നു. മഴക്കാലത്ത് ഓടകളും തോടുകളും ഒന്നായി ചേരും നേരം കുടിക്കാനും കഴുകാനും ഒക്കെ ഉപയോഗിക്കുന്ന വെള്ളത്തിൽ ഇവ്വിധം വിസർജ്ജ്യ അവശിഷ്ടങ്ങൾ എത്തിപ്പെടാനുള്ള സാധ്യത ഒരുപാടുണ്ടല്ലോ. ഉയർന്ന ജനസാന്ദ്രതയും, അതിനനുസൃതമായി സെപ്റ്റിക്ടാങ്കുകളും ഉള്ള നമ്മുടെ സംസ്ഥാനത്ത് മിക്ക ജലസ്രോതസുകളിലും മലത്തിന്റെ സാന്നിധ്യം സൂചിപ്പിക്കുന്ന കോളിഫോം ബാക്ടീരിയയുടെ അളവ് അഭികാമ്യമായതിലും എത്രയോ ഉയർന്ന തോതിലാണ്. അതായത് മലത്തിലൂടെ പുറം തള്ളപ്പെടുന്ന അണുക്കൾ നമ്മുടെ ജല സ്രോതസുകളിൽ ധാരാളമായി ഉണ്ടെന്ന് അർത്ഥം.

ഇതു തടയാനായി വൃത്തിയുള്ള, ശരിയായ വിധത്തിലുള്ള ശൗചാലയങ്ങൾ ഉപയോഗപ്പെടുത്തുക; കുഞ്ഞുങ്ങളുടെ വിസർജ്യങ്ങൾ അടക്കം ശരിയാം വിധം സംസ്കരിക്കുക; വിസർജ്ജനശേഷം നന്നായി സോപ്പിട്ട് കൈകഴുകുക എന്നിവ ശീലമാക്കണം. ഒപ്പം
ഭക്ഷണ സാധനങ്ങൾ ഈച്ച കടക്കാതെ അടച്ച് സൂക്ഷിക്കുക, ഭക്ഷണം കഴിക്കും മുൻപ് കൈ സോപ്പിട്ടു കഴുകുക, പഴങ്ങളും പച്ചക്കറികളും കഴുകി വൃത്തിയാക്കി മാത്രം ഉപയോഗിക്കുക തുടങ്ങിയവയൊക്കെ വഴി, രോഗത്തിന്റെ വ്യാപനം തടയാൻ സാധിക്കും. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക എന്ന മുദ്രാവാക്യം ഒരിക്കലും മറക്കാതിരിക്കുക. പ്രത്യേകിച്ചും യാത്രാ വേളകളിലും മറ്റും പുറമേ നിന്നും ഭക്ഷണം കഴിക്കേണ്ടി വരുന്ന അവസരങ്ങളിൽ. കൃത്യമായ ഇടവേളകളിൽ ജലസ്രോതസ്സുകൾ ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് ക്ളോറിനേറ്റു ചെയ്യുന്നതും ജലജന്യ രോഗങ്ങളെ നിയന്ത്രിച്ചു നിർത്തുന്നതിൽ പ്രധാനമാണ്..

?രോഗാണുക്കൾ ഉള്ളിലെത്തുന്ന മൂന്നാമതൊരു വഴി മുറിവുകളിൽ കൂടെയാണ്. ഏറ്റവും കൂടുതൽ കാണുന്ന ഉദാഹരണം എലിപ്പനി തന്നെ. രോഗാണുവാഹകരായ എലി, വളർത്തുമൃഗങ്ങൾ എന്നിവയുടെ മൂത്രത്തിലൂടെ പുറം തള്ളപ്പെടുന്ന ബാക്ടീരിയ കെട്ടി നിൽക്കുന്ന വെള്ളത്തിൽ നിന്നും തൊലിപ്പുറമേയുള്ള മുറിവുകളിലൂടെ ഒരാളുടെ ഉള്ളിൽ എത്തുകയും രോഗബാധ ഉണ്ടാക്കുകയും ചെയ്യുന്നു. മലിനജലത്തിൽ കുളിക്കുന്നതും രോഗബാധക്ക് കാരണമാകുന്നു. വെള്ളം കെട്ടി നിൽക്കുന്ന സാഹചര്യങ്ങളും ഈർപ്പവും പൂപ്പലും ഒക്കെയായി നമ്മുടെ വലിയ സുരക്ഷാ കവചമായ തൊലിയിൽ വിള്ളലുകളും മുറിവുകളും ഉണ്ടാവാനുള്ള സാഹചര്യങ്ങളും മഴക്കാലത്ത് കൂടുതലാണ്.
മലിനജലവുമായി സമ്പർക്കം കുറയ്ക്കുക, ഓടകളും തോടുകളും വൃത്തിയാക്കി വെള്ളം കെട്ടി നിൽക്കാതെ ഒഴുകി പോകാനുള്ള സാഹചര്യം സൃഷ്ടിക്കുക, മാലിന്യവുമായി സമ്പർക്കം പുലർത്തുന്നവർ ആവശ്യമായ സുരക്ഷാ മാർഗങ്ങൾ ഉപയോഗിക്കുക എന്നിവയാണ് രോഗാണു ഉള്ളിലെത്താതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. രോഗിയിൽ നിന്നും നേരിട്ടല്ലാതെ എലി വഴിയാണ് പകരുന്നത് എന്നത് കൊണ്ട് തന്നെ എലികളുടെ വളർച്ച നിയന്ത്രിക്കും വിധം ശരിയായ മാലിന്യ നിർമ്മാർജ്ജന മാർഗങ്ങൾ അവലംബിക്കുക എന്നതും രോഗപ്പകർച്ച തടയുന്നതിൽ പ്രധാനമാണ്. രോഗപ്പകർച്ചക്ക് സഹായകമായ സാഹചര്യത്തിൽ ജോലി ചെയ്യുന്നവർ ആഴ്‌ചയിൽ ഒരിക്കൽ ഡോക്സിസൈക്ലിൻ പ്രതിരോധ ഗുളികകൾ കഴിക്കേണ്ടതുണ്ട്. കഴിഞ്ഞ വർഷം പ്രളയ സമയത്ത് ഡോക്സി പ്രതിരോധത്തിന്റെ ഗുണഫലങ്ങൾ അനുഭവിച്ചറിഞ്ഞവരാണ് നമ്മൾ മലയാളികൾ.

?പകർച്ച വ്യാധികളുടെ മറ്റൊരു പ്രധാന കാരണം കൊതുകുകളാണ്. രോഗിയെ കടിക്കുന്ന കൊതുകിന്റെ ശരീരത്തിൽ പ്രവേശിക്കുന്ന രോഗാണു അവിടെ വളർച്ച പൂർത്തിയാക്കുകയും ആ കൊതുക് മറ്റൊരാളെ കടിക്കുമ്പോൾ അയാൾക്ക് രോഗം കിട്ടുകയും ചെയ്യുന്നു. വൈറസ് രോഗങ്ങളായ ഡെങ്കിപ്പനി, ചികുൻഗുനിയ, ജാപ്പനീസ് എൻകഫലിറ്റിസ് എന്നിവയും, പരാദജീവികൾ ഉണ്ടാക്കുന്ന മലേറിയ, മന്തുരോഗം എന്നിവയും ഇപ്രകാരം കൊതുക് വഴി പകരുന്ന പ്രധാന അസുഖങ്ങളാണ്. ഡെങ്കിപ്പനി പടർത്തുന്ന ഈഡിസ് കൊതുകിനു വളരാൻ ഒരു സ്പൂൺ ജലം തന്നെ ധാരാളം. വീടിനു ചുറ്റും കൊതുക് വളരുന്ന തരത്തിൽ വെള്ളം കെട്ടി നിൽക്കുന്നത് ഒഴിവാക്കാൻ ശ്രമിച്ചാൽ മേൽപറഞ്ഞ ലിസ്‌റ്റിലെ അസുഖങ്ങളെ പടിക്ക് പുറത്ത് നിർത്താനാകും. വെള്ളത്തിലുള്ള കൊതുകിന്റെ വളർച്ചാഘട്ടം ഒരാഴ്ച മുതൽ പത്ത് ദിവസം വരെയാണ്. അതിനാൽ ആഴ്ചയിൽ ഒരിക്കൽ ചുറ്റുപാടുകൾ വൃത്തിയാക്കുന്നത് കൊതുക് നിയന്ത്രണത്തിനു സഹായിക്കുന്നു. കുപ്പി, ചിരട്ട, പ്ളാസ്റ്റിക് കവറുകൾ, കളിപ്പാട്ടങ്ങൾ, ഡിസ്പോസിബിൾ കപ്പുകൾ തുടങ്ങിയവയൊക്കെ ചുറ്റുപാടും ചിതറിക്കിടക്കാതെ ശ്രദ്ധിക്കുക, ഉപേക്ഷിക്കപ്പെട്ട ടയറുകളിൽ വെള്ളം കെട്ടിനിൽക്കാത്ത വിധത്തിൽ തുള ഇടുക, തോട്ടങ്ങളിൽ കൊതുകു നിയന്ത്രണത്തിനു പ്രത്യേക ശ്രദ്ധ പുലർത്തുക, ആഴം കുറഞ്ഞ കിണറുകളും ജലസംഭരണികളും കൊതുകുവല ഉപയോഗിച്ച് മൂടുക, കൊതുക് ലാർവ്വകളെ ഭക്ഷിക്കുന്ന ഗപ്പി പോലുള്ള മീനുകളെ ജലസംഭരണികളിൽ വളർത്തുക എന്നിവയെല്ലാം ചെയ്യേണ്ട കാര്യങ്ങൾ തന്നെ.
വീട്ടിനു പുറത്ത് എന്നത് പോലെ അകത്തും നോക്കേണ്ടതുണ്ട്. ഫ്രിഡ്ജിനടിയിലെ ട്രേ, പൂപ്പാത്രങ്ങൾ, ഉപയോഗിക്കാത്ത ടോയ്‌ലറ്റുകൾ എന്നിവയൊന്നും കൊതുകും കുഞ്ഞുങ്ങളും കുടിപാർപ്പിന് ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക. അതോടൊപ്പം രോഗം വന്നു കഴിഞ്ഞ രോഗികൾ കൊതുകുകടി ഏൽക്കാത്ത രീതിയിൽ കൊതുകുവല ഉപയോഗിക്കുകയും ചെയ്യണം.

➡അസുഖങ്ങളും പകർച്ചാരീതികളും വ്യത്യസ്തമെങ്കിലും മേൽപറഞ്ഞ രോഗങ്ങളിൽ പലതും തുടക്കത്തിൽ ഒരു പോലെയായിരിക്കും പ്രത്യക്ഷപ്പെടുക. ഒരു ചെറിയ പനിയും തലവേദനയും ശരീരവേദനയും ക്ഷീണവും തുമ്മലും ഒക്കെയായി. ഏതൊരു രോഗകാരിയോടും നമ്മുടെ ശരീരം കാണിക്കുന്ന പ്രതിരോധ പ്രതികരണങ്ങൾ. പിന്നീടങ്ങോട്ട് രോഗകാരികളുടെ ഗ്രേഡ് അനുസരിച്ച് പലവഴി പോകും കാര്യങ്ങൾ. നിസ്സാരന്മാരായ വൈറസുകളെയൊക്കെ പുഷ്പം പോലെ കൈകാര്യം ചെയ്ത് മൂന്നോ നാലോ ദിവസം കൊണ്ട് ശരീരം പൂർവ സ്ഥിതി പ്രാപിക്കും. ഇനി നല്ല മുട്ടൻ പണി തരുന്ന യമണ്ടൻ രോഗാണുക്കളാണ് ഉള്ളിൽ കേറിയിട്ടുള്ളതെങ്കിൽ ഇതൊന്നും മതിയാകില്ല.

അവിടെയാണ് സമയത്ത് വൈദ്യസഹായം തേടേണ്ടതിന്റെ യുക്തി. രോഗിയുടെ കൃത്യമായ ലക്ഷണങ്ങളും അവ ഓരോന്നും പ്രത്യക്ഷപ്പെടുന്ന കാലയളവും പ്രധാനമാണ്. ജോലിയുടെ സ്വഭാവവും യാത്രയുടേതടക്കമുള്ള വിവരങ്ങളും രോഗനിർണയത്തിനു സഹായിക്കുന്നു. മുൻപ് വന്നിട്ടുള്ള അസുഖങ്ങളും കൂടെയുള്ള ജീവിത ശൈലി രോഗങ്ങളും രോഗവ്യാപ്തിയെ സ്വാധീനിക്കുന്നു.

പരിശോധനകൾ വഴി ചില പ്രത്യേക ലക്ഷണങ്ങൾ ഉണ്ടോ എന്നും നോക്കണം. മഞ്ഞപ്പിത്തം തുടക്കത്തിൽ കൺവെള്ളയിൽ മാത്രമായിരിക്കും കാണുന്നത്. ശരീരവേദന എന്നു പറയുമ്പോൾ കാലിലെ മസിലിൽ തൊടുമ്പോൾ വരുന്ന വേദന പ്രത്യേകമായി ഉണ്ടോ എന്ന് നോക്കുന്നത് എലിപ്പനി നിർണ്ണയത്തിന് സഹായിക്കുന്നു. വയറിളക്ക രോഗികളിൽ നിർജലീകരണ ലക്ഷണങ്ങൾ വിലയിരുത്തി കൃത്യമായി പാനീയ ചികിൽസ നൽകുക എന്നത് സങ്കീർണ്ണതകൾ തടയുന്നതിന് അതിപ്രധാനമാണ്. ശ്വാസത്തിന്റെ താളവും ഹൃദയമിടിപ്പിന്റെ ക്രമവും കരളിന്റെയും പ്ലീഹയുടെയും സ്ഥാനത്ത് വേദനയുണ്ടോ എന്നതുമെല്ലാം ഒരു ഡോക്ടറെ കൃത്യമായ രോഗ നിർണയത്തിലേക്ക് അടുപ്പിക്കുകയും സങ്കീർണ്ണതകൾ തുടക്കത്തിലെ കണ്ടെത്തതാൻ സഹായിക്കുകയും ചെയ്യുന്നു. ചില റെഡ് സിഗ്നലുകൾ പ്രത്യേക പരാമർശം അർഹിക്കുന്നു.

മഞ്ഞപ്പിത്തം... കേട്ടപാതി കേൾക്കാത്ത പാതി പച്ചമരുന്ന് കഴിക്കാൻ ഓടുന്നവരോട്: വൈറൽ ഹെപ്പറ്റൈറ്റിസ് എ എന്ന സാധാരണ മഞ്ഞപ്പിത്തത്തിന് വിശ്രമവും ശുദ്ധജലവും എളുപ്പം ദഹിക്കുന്ന പോഷകാഹാരവും തന്നെയാണ് ചികിൽസ. യാതൊരു പാർശ്വഫലങ്ങളും ഇല്ല എന്നു കണ്ണടച്ച് തട്ടി വിടുന്ന ചില പച്ച മരുന്നുകളും ഭസ്മങ്ങളും ചിലപ്പോൾ അസുഖബാധിതമായ കരളിന് വലിയ ആഘാതങ്ങൾ വരുത്തുകയും രോഗിയെ മരണത്തിലേക്ക് തള്ളിവിടുകയും ചെയ്തേക്കാം. ഒപ്പം ഓർക്കുക. എല്ലാ മഞ്ഞപ്പിത്തവും ഹെപ്പറ്റിറ്റിസ് എ ആയിരിക്കണമെന്നില്ല. ചിലപ്പോൾ അത് എലിപ്പനി കരളിനെ ബാധിക്കുന്നതിന്റെ ലക്ഷണമായി പ്രത്യക്ഷപ്പെടുന്നതാകാം. ശക്തമായ പേശി വേദന, ഛർദ്ദി, അപസ്മാരം, ഓർമ്മ തകരാറുകൾ പോലുള്ള ലക്ഷണങ്ങൾ, മൂത്രത്തിന്റെ അളവ് കുറയുന്നത്, രതസ്രാവം ഉണ്ടാകുന്നത് എന്നിവ സങ്കീർണ്ണതകൾ രൂപപ്പെടുന്നതിന്റെ സൂചനകൾ ആവാം.

ലാബ് ടെസ്റ്റുകൾ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ചെയ്യുക.

വെളുത്ത രക്താണുക്കളുടെ അളവ് കൂടുന്നത് ബാക്ടീരിയ അനുബന്ധ രോഗങ്ങളിൽ സാധാരണമാണ്. ഡെങ്കി പനി സംശയിക്കുന്നുണ്ടെങ്കിൽ രക്തസമ്മർദവും പ്ളേറ്റലെറ്റിന്റെ അളവും കൃത്യമായ ഇടവേളകളിൽ നോക്കേണ്ടതുണ്ട്. എലിപ്പനി സംശയിക്കുന്നുവെങ്കിൽ കരൾ വൃക്ക എന്നിവയുടെ പ്രവർത്തനക്ഷമതയെ ബാധിക്കുണ്ടോ എന്നറിയാൻ ആവശ്യമായ പരിശോധനകൾ ഇടവിട്ട് ചെയ്യേണ്ടി വരും. മലേറിയ കണ്ടെത്താൻ സ്‌മിയർ ടെസ്റ്റുകളും ആന്റിബോഡി ടെസ്റ്റുകളും സഹായിക്കുന്നു. എലിപ്പനി, ഡെങ്കിപ്പനി എന്നിവയുടെയും സാന്നിദ്ധ്യം സ്ഥിരീകരിക്കാൻ ആന്റിബോഡി ടെസ്റ്റുകൾ ആവശ്യമെങ്കിൽ ചെയ്യാം. ടൈഫോഡ്, കോളറ തുടങ്ങിയവ സ്ഥിരീകരിക്കാനായി ബ്ലഡ് കൾച്ചർ അടക്കമുള്ള ടെസ്റ്റുകൾ വേണ്ടി വന്നേക്കാം. H1N1 കൃത്യമായി നിർണ്ണയിക്കുന്നതിന് തൊണ്ടയിലെ സ്രവം വൈറൽ ലാബിൽ പരിശോധനയ്ക്ക് അയക്കേണ്ടി വരും. ഡിഫ്‌ത്തീരിയ നിർണ്ണയത്തിനും തൊണ്ടയിൽ നിന്നും സ്രവം പരിശോധിക്കേണ്ടത് ആവശ്യമാണ്.

ഏതു രോഗത്തിന്റെയും പ്രധാന ചികിത്സ വിശ്രമം, ശുദ്ധജലം, പോഷകാഹാരം എന്നിവ തന്നെയാണ്.
ഒപ്പം പനിയും ക്ഷീണവും ദഹനസംബന്ധമായ അസ്വസ്ഥതകളും കുറയ്ക്കാൻ ആവശ്യമായ മരുന്നുകളും കഴിക്കുക.
 പനിയും ശരീരവേദനയും മാറാൻ നിലവിലുള്ളത്തിൽ വച്ച് ഏറ്റവും ഫലപ്രദവും പാർശ്വഫലങ്ങൾ കുറഞ്ഞതുമായ മരുന്ന് പാരസെറ്റമോൾ തന്നെയാണ്. ഡോക്ടറുടെ നിർദേശപ്രകാരം ആവശ്യമായ അളവിൽ ഇത് കഴിക്കുന്നത് കൊണ്ട് ഒരപകടവും വരാനില്ല. 
വയറിളക്കം, ഛർദ്ദി തുടങ്ങി നിർജലീകരണം വരാൻ സാധ്യതയുള്ള ഘട്ടങ്ങളിൽ ഒ ആർ എസ് ലായനിക്ക് ജീവൻ രക്ഷാ ദൗത്യമാണ്‌ ഉള്ളത്. സങ്കീർണ്ണതകൾ ഇല്ലാത്ത ഡെങ്കി പനിയിൽ ഒരു ഒറ്റമൂലിയും ഇല്ലാതെ തന്നെ ദിവസങ്ങൾക്കുള്ളിൽ പ്ലേറ്റ്ലെറ്റ് കൗണ്ട് കൂട്ടാനുള്ള മായാജാലമൊക്കെ നമ്മുടെ ശരീരത്തിൽ തന്നെ നിലവിലുണ്ട്.

വൈറൽ രോഗങ്ങൾക്ക് ചിലപ്പോൾ പ്രത്യേകമായ ആന്റി വൈറൽ മരുന്നുകൾ ആവശ്യമായി വരും. ഉദാഹരണത്തത്തിന് H1N1 പനി സംശയിക്കുന്ന ഘട്ടത്തിൽ ഓസൽറ്റാമിവിർ ഗുളികകൾ നൽകേണ്ടി വരും. പ്രതേകിച്ചും ഗർഭിണികൾ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ, എന്നിങ്ങനെ അപകട സാധ്യത കൂടുതൽ ഉള്ളവർക്ക്. ബാക്ടീരിയ അണുബാധക്ക് കൃത്യമായ ആന്റിബയോട്ടിക് ചികിൽസ നൽകിയാൽ മാത്രമേ രോഗം സുഖപ്പെടുകയുള്ളൂ.
എലിപ്പനി ആണെങ്കിൽ ആദ്യഘട്ടത്തിൽ ഡോക്സിസൈക്ലിൻ ഗുളികയും രണ്ടാം ഘട്ടത്തിൽ പെന്സിലിൻ ഇഞ്ചക്ഷനും നൽകേണ്ടി വരും. മലേറിയയിൽ അടക്കം നിർദ്ദിഷ്ട പ്രോട്ടോകോൾ അനുസരിച്ചുള്ള ചികിത്സയിലൂടെ മാത്രമേ പൂർണ്ണ രോഗവിമുക്തി പ്രാപിക്കാനും സങ്കീർണ്ണതകൾ ഒഴിവാക്കാനും സാധിക്കുകയുള്ളൂ. ഇഞ്ചക്ഷനുകളും ഐ വി ഫ്ലൂയിഡുകളും നൽകുന്നതിൽ അടക്കം പകർച്ചവ്യാധികൾക്ക് കൃത്യമായ മാർഗനിർദേശങ്ങൾ അനുസരിച്ചുള്ള ചികിത്സാ രീതികൾ മാത്രം പിന്തുടരുക. 
മരണം എന്ന വിധിയിൽ നിന്നും എത്രയോ പേർ ഈ വിധം നേരത്തെയുള്ള കൃത്യമായ ചികിത്സയിലൂടെ രക്ഷപ്പെട്ടു വരുന്നു.

ആദ്യം പറഞ്ഞ കാഷ്വാലിറ്റി സീനിലേക്ക് ഒന്നു കൂടി പോകാം എന്തുകൊണ്ട് രോഗാണു ഉള്ളിലെത്തിയ എല്ലാവർക്കും രോഗം ഉണ്ടാകുന്നില്ല? എല്ലാവർക്കും ഒരേ അളവിൽ അല്ല രോഗാണുക്കൾ കിട്ടിയിരിക്കുക. ഒപ്പം നമ്മുടെ ഓരോരുത്തരുടെയും ശരീരത്തിൽ നിലനിൽക്കുന്ന അത്ഭുതാവഹമായ രോഗപ്രതിരോധ സംവിധാനത്തിന്റെ ഗുണവും കൂടി ആണത്. അതിനെ ശക്തിപ്പെടുത്താൻ ആവശ്യമായ സമീകൃതാഹാരവും വ്യായാമവും വിനോദവും വിശ്രമവും മാനസികാരോഗ്യവും മഴക്കാലത്തും അല്ലാത്തപ്പോഴും നാം കാത്ത് സൂക്ഷിക്കേണ്ടതുണ്ട്.

ഒളിഞ്ഞിരിക്കുന്ന രോഗാണുക്കളെ കണ്ടു പിടിച്ച് ഒരു പകർച്ചവ്യാധി സാധ്യത ഇല്ലാതാക്കാൻ ജാഗ്രതയോടെ പ്രവർത്തിച്ചു കൊണ്ടിരുന്ന ഒരു ആരോഗ്യ വകുപ്പ് സംവിധാനം നമുക്കിടയിൽ ഉണ്ട്. ഒറ്റനോട്ടത്തിൽ നോക്കുമ്പോൾ നിങ്ങൾക്കവരെ കാണാൻ കഴിയുന്നില്ലെങ്കിലും അവരുണ്ട്, നമുക്കിടയിൽ.. മാസത്തിൽ നിശ്ചിത എണ്ണം സ്ലൈഡുകൾ പരിശോധിച്ച് മലേറിയ രോഗികൾ നമുക്കിടയിൽ ഇല്ല എന്നുറപ്പ് വരുത്തുന്നവർ, എവിടെയെങ്കിലും ഒരു കുഞ്ഞിന് തളർച്ച ബാധിക്കുമ്പോഴേക്കും മലത്തിന്റെ സാമ്പിളുമായി വൈറോളജി ലാബിലേക്കോടി പോളിയോ തിരിച്ചു വരുന്നില്ല എന്നുറപ്പാക്കുന്നവർ, മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്താലുടൻ ബ്ലീച്ചിങ് പൗഡറും ബോധവൽക്കരണ നോട്ടീസുമായി അതിന്റെ പകർച്ച നിയന്ത്രിക്കാനെത്തുന്നവർ, ഒരു പകർച്ച വ്യാധി മരണം നടന്നാൽ അതിന്റെ കാര്യ കാരണങ്ങൾ ചുഴിഞ്ഞന്വേഷിച്ച് ആവർത്തനം തടയാൻ ശ്രമിക്കുന്നവർ, പരിസര ശുചിത്വത്തെക്കുറിച്ചും കൊതുകു നിയന്ത്രണത്തെകുറിച്ചും ആവർത്തിച്ചുള്ള വാക്കുകളുമായി നിങ്ങളെ കാണാനെത്തുന്നവർ, കടകളിൽ പരിശോധന നടത്തുകയും വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്നവരെ നിയന്ത്രിക്കാൻ ശ്രമിക്കുകയും ചെയ്യുന്നവർ, ചുമയുള്ളവരെ തേടിപ്പിടിച്ചു കഫ പരിശോധന നടത്തിച്ച് ചികിൽസ ഉറപ്പാക്കി ക്ഷയരോഗ വ്യാപനം തടയുന്നവർ, രോഗപ്രതിരോധ കുത്തിവയ്പ്പുകളെ കുറിച്ച് വീണ്ടും വീണ്ടും ഓർമ്മിപ്പിച്ച് നമ്മുടെ കുഞ്ഞുങ്ങളെ രക്ഷിക്കാൻ ശ്രമിക്കുന്നവർ...ഇതൊക്കയായി ആരോഗ്യ പ്രവർത്തകർ നമുക്കിടയിൽ ഉണ്ട്. അവരെ കൃത്യമായി വിലയിരുത്താനും ആവശ്യമായ മാർഗ നിർദേശങ്ങൾ നൽകാനുമായി ഉന്നതതലം വരെ നീളുന്ന ഒരു ശ്രേണിയും ഇവിടെ കാര്യക്ഷമമായി പ്രവർത്തിക്കുന്നു.ഇതു കൊണ്ടൊക്കെ തന്നെയാണ് ഒരുപാട് സാധ്യതകൾ ഉണ്ടായിട്ടും വലിയ പകർച്ച വ്യാധികൾ നമുക്കിടയിൽ പടർന്നു പിടിക്കാത്തത്. ഈ പ്രവർത്തങ്ങൾ കൂടുതൽ ഫലപ്രദമാവണമെങ്കിൽ ഇനിയും പൊതുജന പങ്കാളിത്തം ആവശ്യമാണ്. അതിനായി നമുക്കോരോരുത്തർക്കും കൈകോർക്കാം.


അല്പം ജാഗ്രത പുലർത്തിയാൽ ആരോഗ്യപൂർണമായ ഒരു മഴക്കാലം നമുക്കാസ്വദിക്കാം.

 

The Real Reason You Get Sick especially during Rainy season

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/6LZtshUJxVIcg4S3OopudiWqwK9oOVGqQqE3ykrQ): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/6LZtshUJxVIcg4S3OopudiWqwK9oOVGqQqE3ykrQ): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/6LZtshUJxVIcg4S3OopudiWqwK9oOVGqQqE3ykrQ', 'contents' => 'a:3:{s:6:"_token";s:40:"IhrJQMOgUpLeGFAWWCtNFqxjV6LPJz3HuPSi1SXS";s:9:"_previous";a:1:{s:3:"url";s:117:"http://www.imalive.in/living-healthy/748/the-real-reason-you-get-sick-especially-during-rainy-season-by-dr-sajeela-ak";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/6LZtshUJxVIcg4S3OopudiWqwK9oOVGqQqE3ykrQ', 'a:3:{s:6:"_token";s:40:"IhrJQMOgUpLeGFAWWCtNFqxjV6LPJz3HuPSi1SXS";s:9:"_previous";a:1:{s:3:"url";s:117:"http://www.imalive.in/living-healthy/748/the-real-reason-you-get-sick-especially-during-rainy-season-by-dr-sajeela-ak";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/6LZtshUJxVIcg4S3OopudiWqwK9oOVGqQqE3ykrQ', 'a:3:{s:6:"_token";s:40:"IhrJQMOgUpLeGFAWWCtNFqxjV6LPJz3HuPSi1SXS";s:9:"_previous";a:1:{s:3:"url";s:117:"http://www.imalive.in/living-healthy/748/the-real-reason-you-get-sick-especially-during-rainy-season-by-dr-sajeela-ak";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('6LZtshUJxVIcg4S3OopudiWqwK9oOVGqQqE3ykrQ', 'a:3:{s:6:"_token";s:40:"IhrJQMOgUpLeGFAWWCtNFqxjV6LPJz3HuPSi1SXS";s:9:"_previous";a:1:{s:3:"url";s:117:"http://www.imalive.in/living-healthy/748/the-real-reason-you-get-sick-especially-during-rainy-season-by-dr-sajeela-ak";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21