×

കോവിഡിനിടെ ഡെങ്കിപ്പനിയും; വേണം അതീവ ജാഗ്രത

Posted By

Dengue fever on the rise - How to prevent it?

IMAlive, Posted on May 13th, 2020

Dengue fever on the rise - How to prevent it?

News desk IMAlive

Edited by: IMAlive Editorial Team of Doctors

സംസ്ഥാനത്ത് കോവിഡ് പ്രതിരോധം പുരോഗമിക്കുന്നതിനിടെ ഡെങ്കിപ്പനിയും.. ചൊവ്വാഴ്ച മാത്രം ചികിത്സതേടിയവരിൽ 12 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. കൊല്ലത്ത് ഏഴ് പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ, കാസർകോട് 19 പേർക്കും പത്തനംതിട്ടയിൽ ഏഴുപേർക്കും ഡെങ്കിപ്പനി സംശയിക്കുന്നു. പത്തു ദിവസത്തിനിടെ 47 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചപ്പോൾ 437 പേർ ലക്ഷണങ്ങളോടെ ചികിത്സയിലാണ്.

കോവിഡ് പകരുന്നത് സ്രവകണങ്ങളിലൂടെയാണെങ്കിൽ കൊതുക് ജന്യ രോഗമാണ് ഡെങ്കിപ്പനി. കൊതുക് കടിയിലൂടെ ശരീരത്തിലേക്ക് വൈറസ് പ്രവേശിച്ചാൽ ആറുമുതൽ 10 ദിവസത്തിനകം രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങും. കടുത്ത പനി, തലവേദന, കണ്ണുകൾക്കു പിന്നിൽ വേദന, പേശികളിലും സന്ധികളിലും വേദന, കടുത്ത ക്ഷീണം, ഛർദി എന്നിവയാണ് ലക്ഷണങ്ങൾ. ചിലപ്പോൾ ശരീരത്തിൽ ചുവന്നപാടുകളും വരാം. ഡെങ്കിപ്പനി ചിലപ്പോഴൊക്കെ മാരകമായേക്കാം.

ഡെങ്കിപ്പനി പകരുന്നതെങ്ങനെ?

കൊതുകുവഴി മാത്രമേ ഡെങ്കിപ്പനി ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുകയുള്ളൂ. ഈഡിസ് വിഭാഗം കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്.രോഗമുള്ള ഒരാളെ കൊതുക് കടിക്കുമ്പോൾ വൈറസുകൾ കൊതുകിന്റെ ഉമിനീർ ഗ്രന്ഥിയിലെത്തുകയും പിന്നീട് ആരോഗ്യമുള്ള മറ്റൊരാളെ കടിക്കുമ്പോൾ ഉമിനീർവഴി രക്തത്തിൽ കലർന്ന് രോഗമുണ്ടാക്കുകയും ചെയ്യുന്നു.

ഈഡിസ് കൊതുകുകളുടെ പ്രജനനം നടക്കുന്നത് ശുദ്ധജലത്തിലാണ്. വളരെ ചെറിയ അളവ് ജലത്തിൽ നിന്ന് പോലും (ഉദാ. അഞ്ച് മില്ലി ലിറ്റർ) നൂറുകണക്കിനു ഈഡിസ് കൊതുകുകൾ ആഴ്ചകൾക്കുള്ളിൽ രൂപമെടുക്കാം. അതായത് നമ്മുടെ വീട്ടിനുള്ളിലും പരിസരങ്ങളിലുമുള്ള ചെറിയ വെള്ളക്കെട്ടുകളിലോ മഴവെള്ളം കെട്ടിനിൽക്കുന്ന ഇടങ്ങളിലോ പൊട്ടിയ പാത്രങ്ങൾ, പ്‌ളാസ്റ്റിക്, മറ്റ് പാഴ് വസ്തുക്കൾ എന്നിവയിൽ ഇങ്ങനെ ഈഡിസ് ലാർവകൾ ഉണ്ടാവാം. ഏതാണ്ട് നൂറു മീറ്റർ ദൂരം മാത്രമേ ഈഡിസ് കൊതുകുകൾക്ക് സാധാരണ ഗതിയിൽ പറക്കാൻ കഴിയുകയുള്ളൂ. അതിനാൽ തന്നെ നമ്മെ ഓരോരുത്തരേയും കടിക്കുന്ന ഈഡിസ് കൊതുകുകൾ നമ്മുടെ തൊട്ടടുത്ത പരിസരത്ത് തന്നെ രൂപമെടുത്തവയാവാം. കാലാവസ്ഥാ വ്യതിയാനവും അതിനെ തുടർന്ന് ഉണ്ടാവുന്ന വിട്ടുവിട്ടുള്ള മഴയുമാണ് ഈഡിസ് കൊതുകുകൾ വ്യാപകമാകുന്നതിന് പിന്നിലെ പ്രധാന കാരണം.

 

ഒരിക്കൽ ഡെങ്കിപ്പനി വന്നിട്ടുള്ളവർക്ക് വീണ്ടും രോഗം വരാം. നാല് തരത്തിലുള്ള ഡെങ്കി വൈറസുകൾ ഉള്ളതുകാരണമാണ് ഒരിക്കൽ രോഗം വന്നിട്ടുള്ളവർക്ക് വീണ്ടും ഈ രോഗം വരുന്നത്. ഇങ്ങനെ വരുന്നവരിൽ രോഗം കൂടുതൽ ഗുരുതരമാകാനുള്ള സാധ്യത ഏറെയാണ്.

 

ഡെങ്കിപ്പനി - പ്രതിരോധമാർഗ്ഗങ്ങൾ

കൊതുകിലൂടെ പകരുന്ന രോഗമായതുകൊണ്ട് കൊതുക് നശീകരണമാണ് ഡെങ്കിപ്പനി തടയാനുള്ള എറ്റവും പ്രധാന മാർഗ്ഗം.

1. കൊതുക് മുട്ടയിടാവുന്ന ചെറുതും വലുതുമായ വെള്ളക്കെട്ടുകൾ ഒഴിവാക്കുക

2. വലിച്ചെറിഞ്ഞ പാത്രങ്ങൾ, ചിരട്ടകൾ, തൊണ്ട്, ടയർ, മുട്ടത്തോട് തുടങ്ങി വെള്ളം കെട്ടിനിൽക്കുന്ന ഇടങ്ങളിലെല്ലാം കൊതുക് വളരാം. അതിനുള്ള സാധ്യതകൾ ഒഴിവാക്കുക

3. പൂച്ചെട്ടികൾക്ക് അടിയിൽ വെള്ളം കെട്ടിനിൽക്കുന്ന ഇടം, ഫ്രിഡ്ജിന് അടിയിൽ വെള്ളം നിൽക്കുന്ന ഇടം എന്നിവിടങ്ങൾ വൃത്തിയാക്കുക. ആഴ്ച തോറും ഇങ്ങനെ വീടും പരിസരവും വൃത്തിയാക്കാൻ സാധിച്ചാൽ (ഡ്രൈ ഡേ) നമ്മുടെ പരിസരത്ത് ഈഡിസ് സാന്നിദ്ധ്യം പൂർണമായും ഒഴിവാക്കാം.

4. കൊതുകുവല, റിപ്പലന്റ്സ്, ശരീരം മുഴുവൻ മറയുന്ന വസ്ത്രങ്ങൾ തുടങ്ങിയ മാർഗങ്ങൾ സ്വീകരിച്ചാൽ കൊതുക് കടിയിൽ നിന്നും രക്ഷനേടാം.

5. രോഗം ബാധിച്ചവരെ കൊതുകു വലയ്ക്കുള്ളിൽ കിടത്തി ചികിത്സിക്കുകയാണ് അഭികാമ്യം. ഇവരിൽ നിന്നും രക്തപാനം നടത്തി കൊതുകുകൾ രോഗാണുവാഹകരായി മാറുന്നത് തടയുവാൻ ഇത് ഉപകരിക്കും.

6. ചെറിയ പനി വന്നാൽ പോലും ഡെങ്കിപ്പനിയുടെ ലക്ഷണമെന്നു തോന്നിയാൽ ധാരാളം പാനീയങ്ങൾ കുടിക്കുക. പനി കുറയുന്നതിനുള്ള മരുന്ന് കൊടുത്തതിനു ശേഷം എത്രയും പെട്ടെന്ന് ആശുപത്രിയിൽ വിദഗ്ധ ചികിത്സ തേടുക.


 

Here are some tips on how to stay hygienic and prevent an outbreak of dengue fever in the state.