×

സ്തനാർബുദത്തിന് റേഡിയേഷൻ ചികിത്സ

Posted By

IMAlive, Posted on August 29th, 2019

radiation treatment for breast cancer By Dr. Durga Poorna

 

ലേഖിക :ഡോ. ദുർഗാപൂർണ, കൺസൾട്ടന്റ്, റേഡിയേഷൻ ഓങ്കോളജി

ഉയർന്ന ഈർജ്ജ ശേഷിയുള്ള എക്‌സ്റേകൾ ഉപയോഗിച്ച് അർബുദത്തിനെതിരേ നടത്തുന്ന ചികിത്സാരീതിയാണ് റേഡിയേഷൻ ചികിത്സ. സ്തനാർബുദ ചികിത്സയിലും ഇത് പ്രധാന ഘടകമാണ്.

ശസ്ത്രക്രിയ, കീമോതെറാപ്പി, ഹോർമോണൽ ചികിത്സകൾക്കൊപ്പമാണ് റേഡിയേഷൻ ചികിത്സയും നടത്തുന്നത്. അർബുദം ഏത് ഘട്ടത്തിലാണ്, ഏതുതരം ശസ്ത്രകിയയാണ് നടത്തിയത്, രോഗിയുടെ പ്രായം എന്നതൊക്കെ കണക്കിലെടുത്താണ് അർബുദ ചികിത്സയിൽ റേഡിയേഷൻ തൊറാപ്പി ഉൾപ്പെടുത്തുന്നത്.

ഇന്റേണൽ റേഡിയേഷൻ (ബ്രാക്കി തെറാപ്പി) എക്‌സ്റ്റേണൽ ബീം റേഡിയേഷൻ എന്നിങ്ങനെ രണ്ട് തരം റേഡിയേഷൻ ചികിത്സയാണ് സ്തനാർബുദത്തിനായി ഉപയോഗിക്കുന്നത്. വളരെ കുറച്ച് സമയത്തേയ്ക്ക് സ്തനത്തിനുള്ളിൽ റേഡിയോ ആക്ടീവ് സ്രോതസുകൾ കടത്തിയാണ് ബ്രാക്കി തെറാപ്പി നടത്തുന്നത്. പുറമെ നിന്നുള്ള ഉപകരണത്തിൽ നിന്ന് റേഡിയോ വികിരണം കടത്തിവിട്ടാണ് എക്‌സ്റ്റേണൽ ബിം റേഡിയേഷൻ നടത്തുന്നത്. 

വളരെ നേരത്തെ രോഗം കണ്ടെത്തുമ്പോഴാണ് ബ്രാക്കി തെറാപ്പി ഉപയോഗിക്കുത്, ദിവസം രണ്ട് നേരം വീതം ഒരാഴ്ചയോ മറ്റോ ആയിരിക്കും ഈ ചികിത്സ സാധാരണ നൽകുന്നത്.

ഏറ്റവും സാധാരണയായി ഉപയോഗിക്കുന്നത് പുറമെ നിന്നുള്ള റേഡിയേഷനാണ്. ഇതിനായുള്ള ലീനിയർ ആക്‌സിലറേറ്ററുകൾ ഇപ്പോൾ കൂടുതലായി ലഭ്യമാണെങ്കിലും ഇപ്പോഴും ഇന്ത്യയിൽ മിക്കയിടത്തും കൊബാൾട്ട് മെഷീനുകളാണ് ഉപയോഗിക്കുന്നത്.

ശസ്ത്രക്രിയയ്ക്ക് ശേഷം കീമോതെറാപ്പി നിർദ്ദേശിച്ചിട്ടുണ്ടെങ്കിൽ അത് പൂർത്തിയാക്കി ഏതാനും ആഴ്ചകൾക്ക് ശേഷമായിരിക്കും റേഡിയേഷൻ ചികിത്സ നടത്തുക. ചികിത്സ തുടങ്ങുന്നതിന് മുമ്പായി ഒരു പ്ലാനിംഗ് സി.ടി സ്‌കാൻ എടുക്കും. ഏതൊക്കെ കോണുകളിൽ നിന്നാണ് രോഗിയുടെ ശരീരത്തിലേയ്ക്ക് റേഡിയേഷൻ രശ്മികൾ നൽകാൻ കഴിയുന്നത്, എത്ര അളവിൽ നൽകണം എന്നതൊക്കെ മനസിലാക്കുന്നതിനാണ് ഇത്.

ഇടത് വശത്തെ സ്തനത്തിലെ ചികിത്സയ്ക്ക് ബ്രത് ഹോൾഡ് ടെക്നിക് ആണ് ഉപയോഗിക്കുന്നത്. രോഗി പ്ലാനിംഗ് സിടി സ്‌കാനിന്റെ സമയത്തും ഓരോ ചികിത്സയുടെ സമയത്തും ദീർഘശ്വാസമെടുക്കുന്നു. ഹൃദയത്തിലേയ്ക്ക് റേഡിയേഷന്റെ പ്രഭാവം കഴിവതും കുറയ്ക്കുന്നതിനാണ് ഈ രീതി ഉപയോഗിക്കുന്നത്.

സാധാരണയായി മുന്നു മുതൽ ആറ് വരെ ആഴ്ചകളിലായാണ് റേഡിയേഷൻ ചികിത്സ നൽകുന്നത്. ആഴ്ചയിൽ തിങ്കൾ മുതൽ വെള്ളി വരെ അഞ്ച് ദിവസമാണ് ചികിത്സ. ശനിയും ഞായറാഴ്ചയും ചികിത്സ ഒഴിവാക്കും. ഓരോ ചികിത്സയും അഞ്ച് മിനിട്ട് നേരം നീണ്ടുനിൽക്കും. രോഗിയെ ചികിത്സയ്ക്കായുള്ള രീതിയിൽ ഇരുത്തുന്നതിനായി കൂടുതൽ സമയം വേണ്ടി വന്നേക്കാം. സിടി സ്‌കാൻ എടുക്കുന്നതുപോലെതന്നെ ഇത് വേദനാരഹിതമാണ്. രോഗിക്ക് ചികിത്സ മൂലം റേഡിയോ ആക്ടിവിറ്റി കൈവരുന്നില്ല. അതുകൊണ്ടുതന്നെ ആളുകളുമായും കുട്ടികളുമായും ഇടപഴകുന്നതിന് നിയന്ത്രണമില്ല

നാലാംഘട്ട സ്തനാർബുദ ചികിത്സയിൽ റേഡിയോ തെറാപ്പി:

നാലാംഘട്ട സ്തനാർബുദത്തിൽ രോഗം പടർന്നതുമുലമുള്ള പ്രശ്നങ്ങൾ കുറയ്ക്കൂതിനായി റേഡിയേഷൻ ഉപയോഗിക്കാറുണ്ട്. രോഗികളിൽ കുറച്ച് ഭാഗങ്ങളിൽ മാത്രമേ അർബുദം പടർന്നിട്ടുള്ളുവെങ്കിൽ ഉയർന്ന തോതിൽ കൃത്യമായ ഒരു സ്ഥാനത്തേയ്ക്ക് റേഡിയേഷൻ നൽകാറുണ്ട്. തലച്ചോറിലേയ്ക്കാണെങ്കിൽ സ്റ്റീരിയോടാക്ടിക് റേഡിയോ സർജറി എന്നും മറ്റ് ശരീരഭാഗങ്ങളിലേയ്ക്കാണെങ്കിൽ സ്റ്റീരിയോടാക്ടിക് ബോഡി റേഡിയേഷൻ തെറാപ്പി അല്ലെങ്കിൽ സ്റ്റീരിയോടാക്ടിക് അബ്ലേറ്റീവ് റേഡിയോതെറാപ്പി എന്നുമാണ് പറയുന്നത്.
ആധുനിക റേഡിയേഷൻ ചികിത്സയിൽ കൃത്യമായ മുന്നൊരുക്കങ്ങളും നടപ്പാക്കലും വേണം. റേഡിയേഷൻ ചികിത്സയുടെ പാർശ്വഫലങ്ങൾ വളരെ കുറവാണ്. ഇത് സ്തനാർബുദം കൈകാര്യം ചെയ്യുന്നതിൽ വളരെ അവിഭാജ്യമായ പങ്ക് വഹിക്കുന്നു.

റേഡിയേഷൻ ചികിത്സ ഉപയോഗിക്കുന്നത് എപ്പോൾ:

1 ശസ്ത്രക്രിയയിലൂടെ സ്തനങ്ങൾ പൂർണമായും മുറിച്ചുനീക്കാതെ നടത്തുന്ന ചികിത്സാ രീതിയിൽ.
2. മാസ്റ്റക്ടമിയിലൂടെ പൂർണമായും സ്തനങ്ങൾ നീക്കം ചെയ്യുകയാണെങ്കിൽ പോലും മുഴയുടെ വലിപ്പം അഞ്ച് സെന്റീമിറ്ററിൽ കൂടുതലുണ്ടായിരിക്കുകയും ഒന്നിലധികം നോഡുകൾ കാണുകയും മറ്റ് അനുകൂലമല്ലാത്ത കാര്യങ്ങൾ കാണുകയും ചെയ്യുകയാണെങ്കിൽ.

3.തലച്ചോറിലേക്കും അസ്ഥികളിലേക്കും മറ്റ് അവയവങ്ങളിലേക്കും അർബുദം പടർന്നിട്ടുണ്ടെങ്കിൽ. 

Radiation therapy may be used to treat breast cancer at almost every stage