×

അമിതമായ മാനസിക സമ്മർദ്ദം ശരീരത്തെ ബാധിക്കുമ്പോൾ

Posted By

IMAlive, Posted on August 22nd, 2019

How does mental health affect physical health by Dr Arun B Nair

ലേഖകൻ :Dr.Arun B Nair 

പുതുമയുള്ള അനുഭവങ്ങളോടും പ്രയാസമേറിയ സാഹചര്യങ്ങളോടും പൊരുത്തപ്പെടാൻ നമ്മുടെ ശരീരവും മനസ്സും നടത്തുന്ന പരിശ്രമങ്ങളെയാണ്‌'സമ്മർദ്ദം ' (Stress) എന്ന് പറയുന്നത്. അമിതമായ മാനസിക സമ്മർദ്ദം എല്ലാ  ശാരീരികാവയവങ്ങളുടെയും പ്രവർത്തനത്തെ ദോഷകരമായി ബാധിക്കും. ഉദാഹരണത്തിന്, ഒരു സംഘം അക്രമികൾ നമ്മളെ വളഞ്ഞുവച്ച് ആക്രമിക്കാൻ ശ്രമിക്കുന്നുവെന്നു വിചാരിക്കുക. എന്തൊക്കെ മാറ്റങ്ങളായിരിക്കും. നമ്മുടെ ശരീരത്തിൽ സംഭവിക്കുക നെഞ്ചിടിപ്പ് അമിതമായി വർദ്ധിക്കും. അമിതമായി ശരീരം വിയർക്കും. വിറയലുണ്ടാകും. ശ്വാസോച്ഛാസത്തിന്റെ ഗതിവേഗം കൂടും. വയറ്റിൽ നിന്ന് എരിച്ചിലുണ്ടാകും. കണ്ണുകളിൽ ഇരുട്ടു കയറും. ഹൃദയം, ശ്വാസകോശം, രക്തക്കുഴലുകൾ  എന്നിവയിലേക്കുള്ള നാഡീവ്യവസ്ഥയായ അനിച്ഛാ നാഡീവ്യൂഹത്തിന്റെ (Autunomic nervous system) അമിതമായ പ്രവർത്തനങ്ങളാണ് മേൽപ്പറഞ്ഞ ലക്ഷണങ്ങളുടെ കാരണം.

ദീർഘകാലം നീണ്ടു നിൽക്കുന്ന മാനസിക സമ്മർദ്ദം വിവിധ ശാരീരിര രോഗങ്ങൾക്ക് വഴിതെളിക്കാറുണ്ട്. ഇത്തരം രോഗങ്ങളെ 'മനോജന്യ ശാരീരിക രോഗങ്ങൾ ( Psychosomatic disorders) എന്നു വിളിക്കാറുണ്ട്. പ്രമേഹം, അമിത രക്തസമ്മർദ്ദം,ഹൃദയാഘാതം, പക്ഷാഘാതം, ആസ്ത്മ, സന്ധിവാതം, ദുർമേദസ്സ്, പെപ്റ്റിക് അൾസർ എന്നിവയൊക്കെ മാനസികസമ്മർദ്ദം മൂലം വഷളാകുന്ന ശാരീരിക രോഗങ്ങളാണ്. അമിത മാനസിക സമ്മർദ്ദം ഒരു വ്യക്തിയൂടെ കായിക ക്ഷമത കുറയ്ക്കുകയും രോഗ്രപതിരോധശേഷി തകരാറിലാക്കുകയും ചെയ്യും. ഇതുമൂലം ശരീരക്ഷീണം, ജീവിതശൈലീജന്യ രോഗങ്ങൾ, അണുബാ ധകൾ എന്നിവ കൂടുതലായി വരാനും സാധ്യതയുണ്ട്

ജോലി ചെയ്യുന്ന സ്ഥലത്ത് വളരെ വേദനാജനകമായ അനുഭവം ഉണ്ടായെന്നിരിക്കട്ടെ. പിറ്റേന്നു രാവിലെ ജോലിക്കു പോകാൻ തുടങ്ങുമ്പോൾ സ്വാഭാവികമായും ഒരു മടിയുണ്ടാകും. എങ്ങനെയെങ്കിലും ജോലിക്കു പോകുന്നത് ഒഴിവാക്കാനുള്ള ശ്രമം നാം നടത്തിയെന്നിരിക്കും. ഈ മനോഭാവത്തെയാണ് ''ഒഴിവാക്കൽ പ്രതികരണം' (Avoidance reaction) എന്നു പറയുന്നത്. ജോലിസ്ഥലത്തേക്കു പോയാൽ തലേന്നു നടന്ന അസുഖകരമായ അനുഭവം ആവർത്തിക്കുമോയെന്ന പരിധിവിട്ട 'പതീക്ഷിത ഉത്കണ്ഠ' (Anticipatory anxiety) ആണ് ഇതിനു കാരണം. തുടർച്ചയായ സമ്മർദ്ദം വിവിധ മാനസിക രോഗങ്ങൾക്കു കാരണമാകുന്നതായി കണ്ടുവരുന്നുണ്ട്. ഉറക്കക്കുറവ്, വിഷാദരോഗം, പാനിക് ഡിസോർഡർ, ക്ഷതാനന്തരസമ്മർദ്ദ രോഗങ്ങൾ തുടങ്ങിയവയൊക്കെ ഇതുമുലമുണ്ടാകാം. മദ്യാസക്തി, മയക്കൂമരൂന്നുപയോഗം, പുകവലി ശീലം തുടങ്ങിയ പ്രശ്നങ്ങളും അമിത സമ്മർദ്ദം അനുഭവിക്കുന്നവരിൽ കൂടുതലായി കണ്ടുവരുന്നു. 

ജീവിത സാഹചര്യങ്ങളുമായുള്ള പൊരുത്തപ്പെടൽ പ്രശ്നങ്ങൾ, ദാമ്പത്യത്തിലെ അസ്വാരസ്യങ്ങൾ, ആത്മഹത്യാ പ്രവണത എന്നിവയും ഇതുമൂലം ഉണ്ടാ കാൻ സാധ്യതയേറെയാണ്.

A psychosomatic disorder is a disease which involves both mind and body