×

CPR എന്നത് ഒരു കടത്തു തോണി പോലെയാണ്: ഇടയ്ക്കു വച്ചു നിന്നു പോകരുത്

Posted By

IMAlive, Posted on March 6th, 2020

6 things you should know about CPR  By Dr Rajeev Jayadevan

ലേഖകൻ : ഡോ. രാജീവ് ജയദേവൻ, പ്രസിഡന്റ് ,ഐഎംഎ  കൊച്ചി

കിഴക്കേക്കോട്ട ബസ് സ്റ്റാൻഡിൽ ഇന്നലെ കുഴഞ്ഞു വീണ വ്യക്തിക്ക് CPR ചെയ്യാൻ മുന്നോട്ടു വന്നവരെ അഭിനന്ദിക്കുന്നു, പ്രത്യേകിച്ചും ഒരാൾക്കൂട്ടത്തിനിടയിൽ വച്ച് ഒറ്റയ്ക്ക് ഒരു രോഗിയെ രക്ഷപെടുത്താൻ സധൈര്യം മുൻപോട്ടു വന്ന രഞ്ജു എന്ന നഴ്‌സിനെ. 

ഇന്നും CPR-നെ പറ്റി വലിയ ധാരണയില്ലാത്ത സമൂഹത്തിൽ രഞ്ജുവിന്റെ ഈ മാതൃക ഒരു നല്ല തുടക്കമാവട്ടെ. 

എന്നാൽ, CPR പ്രയോജനപ്രദമാകണമെങ്കിൽ ചില കാര്യങ്ങൾ കൂടി എല്ലാവരും അറിഞ്ഞിരിക്കണം. 

എന്താണ് CPR?

Cardiac arrest സംഭവിച്ച് കുഴഞ്ഞു വീഴുന്ന ആളെ ഔദ്യോഗിക ചികിത്സ ലഭിക്കുന്നതു വരെ താങ്ങി നിർത്തുകയാണ് (basic life support) CPR കൊണ്ട് ഉദ്ദേശിക്കുന്നത്. 

നെഞ്ചിൽ ശക്തമായി മിനിറ്റിൽ 100 തവണയിൽ കുറയാതെ തുടർച്ചയായി ആഴത്തിൽ അമർത്തുക വഴി താൽകാലികമായി ഹൃദയമിടിപ്പ് നിലനിർത്തുകയാണ് ഇവിടെ സാധ്യമാവുന്നത്. 

CPR ഇടയ്ക്ക് നിർത്തിയാൽ ?

പുഴയിൽ മുങ്ങിത്താഴുന്ന ഒരാളെ യാദൃച്ഛികമായി കാണുന്ന തോണിക്കാരൻ (rescuer) അയാളെ പൊക്കിയെടുത്ത് തോണിയിൽ കിടത്തി അക്കരെ എത്തിക്കുന്നതു പോലെയാണ് CPR-നെ കാണേണ്ടത്. അക്കരെ എന്നതു കൊണ്ടുദ്ദേശിക്കുന്നത് CASUALTY അഥവാ ഔദ്യോഗിക ചികിത്സ ലഭിക്കുന്ന സ്ഥലം എന്നാണ്. 

ഒരാൾ തുടങ്ങി വച്ച CPR ഒരു റിലേ പോലെ മറ്റുള്ളവർ ചെയ്യേണ്ടതാണ്, ആശുപത്രി എത്തുന്നതു വരെ, ഇടതടവില്ലാതെ. 

CPR ഇടയ്ക്കു വച്ചു നിർത്തിക്കളയുക എന്നത്, അക്കരെയെത്തുന്നതിനു മുൻപ്‌ ആളെ തോണിയിൽ നിന്നു പുഴയിലേക്കു തിരികെ തള്ളി ഇടുന്നതു പോലെയാണ്. മരണം ഉറപ്പാണ്. 

CPR- ന്റെ പ്രയോജനമെന്ത്?

തലച്ചോറിലേക്കും മറ്റവയവങ്ങളിലേക്കും ‌ രക്തം എത്തിച്ചു കൊടുക്കാൻ CPR മൂലം സാധിക്കുന്നു. CPR ചെയ്യുന്ന അത്രയും സമയം മാത്രം രക്ത ഓട്ടം സാധ്യമാവുന്നു. ആശുപത്രിയിൽ എത്തിയ ശേഷം വിദഗ്‌ദ്ധ ചികിത്സ കൊണ്ട് ഹൃദയം വീണ്ടും സ്റ്റാർട്ടായാൽ പിന്നെ CPR- ന്റെ ആവശ്യമില്ല. 

ആംബുലൻസ് വന്നാൽ CPR നിർത്തിക്കൂടേ? 

നമ്മുടെ നാട്ടിലെ ആംബുലൻസുകളിൽ advanced കാർഡിയാക് care സൗകര്യങ്ങൾ ഉണ്ടാവണമെന്നില്ല. പലതും രോഗിയെ ട്രാൻസ്‌പോർട് ചെയ്യാൻ മാത്രം സൗകര്യമുള്ളവയാണ്. അപ്രകാരം ഒരു വാഹനമാണെങ്കിൽ CPR ഒരിക്കലും നിർത്തരുത്, വണ്ടി ആശുപത്രിയിൽ എത്തുന്നതു വരെ തുടർന്നാലേ പ്രയോജനമുള്ളൂ. 

CPR എങ്ങനെ ചെയ്യാം?

ഞാൻ എഴുതിയ ഈ ലേഖനത്തിൽ, ആർക്കു വേണമെങ്കിലും CPR എങ്ങനെ ചെയ്യാം എന്ന് വ്യക്തമാക്കുന്നുണ്ട്. ലിങ്ക് താഴെ കൊടുക്കുന്നു. ഒരു ട്രെയിനിങ്ങും ഇല്ലാത്ത ആളാണെകിലും എന്തൊക്കെ ചെയ്യാം എന്ന് ലളിതമായ ഭാഷയിൽ എഴുതിയിട്ടുണ്ട്.

 IMA യുടെ ഒരു പ്രധാന പദ്ധതിയാണ് പൊതുജനങ്ങൾക്ക് CPR പഠിപ്പിച്ചു കൊടുക്കുക എന്നത്. അടുത്തയിടെ കൊച്ചിയിൽ 28,523 കുട്ടികൾക്ക് ഒരു ദിവസം കൊണ്ടു CPR പഠിപ്പിച്ച് ഗിന്നസ് റെക്കോർഡ് നേടിയിരുന്നു. CPR ന്റെ പ്രാധാന്യം ജനങ്ങൾ അറിയാൻ വേണ്ടിയായിരുന്നു ഈ ഉദ്യമം. 

ആംബുലൻസ് വന്നില്ലെങ്കിൽ?

അര മണിക്കൂർ CPR ചെയ്തിട്ടും ജീവന്റെ ലക്ഷണമില്ലെങ്കിൽ നിർത്താവുന്നതാണ്. 

CPR ഫലവത്താണോ?

Cardiac അറസ്റ്റിൽ CPR ചെയ്തില്ലെങ്കിൽ മരണം സുനിശ്ചിതം. തക്ക സമയത്തു CPR കൃത്യമായി ചെയ്താൽ മരണസാധ്യത നൂറിൽ നിന്നും ഗണ്യമായി കുറയ്ക്കാൻ സാധിക്കുമെന്ന്, ലോകമെമ്പാടും ഇന്നു ജീവനോടെയിരിക്കുന്ന ആയ്രിരക്കണക്കിനാളുകൾ നന്ദിപൂർവം സാക്ഷ്യപ്പെടുത്തുന്നു. 

 

Reference: Learn these 6 first-aid tips, be a lifesaver

CPR can keep a person alive until medical help arrives