×

ഫ്‌ളഡ് റിലീഫ് ജോലി ചെയ്യുന്നവരുടെ ആരോഗ്യം സുരക്ഷിതമാണോ? ചില ആരോഗ്യചിന്തകൾ

Posted By

IMAlive, Posted on August 12th, 2019

Care and protection for flood relief workers by Dr Rajeev Jayadevan

ലേഖകൻ: Dr Rajeev Jayadevan, Gasteroenterologist, Sunrise Hospital and IMA Kochi, Vice President

രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ അവരവരുടെ ആരോഗ്യം സൂക്ഷിച്ചില്ലെങ്കിൽ പിന്നീട് ദുഖിക്കേണ്ടി വരാം. 

ഉറക്കമിളിക്കുക, തുടർച്ചയായി വിശ്രമമില്ലാതെ അധ്വാനിക്കുക ഇതൊക്കെ ഒരാവേശത്തിൽ ചെയ്യുന്നവർ ധാരാളം.  ആരോഗ്യരംഗത്തും, I.T. ഫീൽഡിൽ ഉള്ളവരിലും മാധ്യമപ്രവർത്തകരിലും സന്നദ്ധ സംഘടനകളിലും ഇതു സർവസാധാരണം. ഒറ്റ നോട്ടത്തിൽ നല്ല കാര്യം എന്നു തോന്നിയേക്കാം. 

പക്ഷേ ഇപ്രകാരം കുറെ ദിവസം തുടർച്ചയായി  ചെയ്യുമ്പോൾ നമ്മുടെയുള്ളിൽ stress കുമിഞ്ഞുകൂടുന്നു. പല തരത്തിലുള്ള മാനസിക ശാരീരിക അസ്വസ്ഥതകളും ഇതിൽ നിന്നും നാമ്പെടുക്കാം. രോഗിയായി മാറിയാൽ പിന്നെ ആശുപത്രിയായി, മരുന്നായി, ചികിത്സായായി. 

സഹായിക്കരുതെന്നല്ല, പരോപകാരത്തിന്റെ പേരിൽ ആവേശം കൊണ്ട് ശരീരം മറന്ന് സ്വന്തം ആരോഗ്യം നശിപ്പിക്കരുത് എന്നാണ് ഉദ്ദേശിച്ചത്‌. 

ഉറക്കം ഒരു നിസ്സാരക്കാരനല്ല. 

ശരാശരി 6 മണിക്കൂറെങ്കിലും തുടർച്ചയായി നമ്മുടെ ശരീരം ഉറങ്ങേണ്ടതുണ്ട്. 

വാസ്തവത്തിൽ, ഒരു മനുഷ്യനെ ശാരീരികമായി ഉപദ്രവിക്കുന്നതിലും ഭീകര മർദന മുറയാണ് ഉറക്കമിളിപ്പിക്കൽ. എത്ര ബലവനാണെങ്കിലും 48 മണിക്കൂർ ബലമായി ഉറക്കാതിരുന്നാൽ വേദനിപ്പിക്കാതെ തന്നെ വിവരങ്ങൾ തത്ത പറയുന്നതു പോലെ പറയുകയും ചെയ്യും. War camp-ൽ സാധാരണ പ്രയോഗിക്കുന്ന മർദ്ദന മുറയാണിത്. നമ്മൾ സ്വയം മർദ്ദിക്കണോ? 

പോംവഴികൾ:

കാര്യങ്ങൾ ഒരു സുഹൃത്തിനെ തത്കാലം ഏല്പിക്കുക (delegate ചെയ്യുക). എന്നിട്ട് ഒരു BREAK എടുക്കുക. 

1. നല്ല ഒരു സിനിമ കാണുക, അതിൽ ഭീകരത ഉണ്ടാവരുത്. 

2. ഒരു മണിക്കൂർ കണ്ണടച്ചിരുന്നു പാട്ടു കേൾക്കുക 

3. സുഹൃത്തിന്റെ വീട്ടിൽ പോയി കുശലം പറയുക , മറ്റു വിഷയങ്ങൾ ചർച്ച ചെയ്യുക 

4. ചെറിയ യാത്ര പോവുക 

5. ചിത്രരചന നല്ലതാണ് 

6. ധ്യാനം, മസ്സാജ് എന്നിവ stress കുറയ്ക്കും 

7. ദുരിതാശ്വാസവുമായി ബന്ധമില്ലാത്ത എന്തെങ്കിലും അൽപ സമയം ചെയ്യുക 

8. രാഷ്ട്രീയം, മതം, ദേശം മുതലായ കാര്യങ്ങൾ പറഞ്ഞു തർക്കിക്കുന്നവരിൽ നിന്നും അകലം പാലിക്കുക 

9. ആശങ്ക അധികമായാൽ മനഃശാസ്ത്രജനെ കാണാൻ മടിക്കരുത്. 

ഓർക്കുക, എത്ര നേരം ജോലി ചെയ്‌തു എന്നതല്ല, എത്ര കാര്യക്ഷമമായി ജോലി ചെയ്‌തു എന്നതാണ് പ്രധാനം. 
 

Care and protection for flood relief workers