×

അമ്മയാകാൻ നേരത്തെ തയ്യാറെടുപ്പുകൾ നടത്താം.... അച്ഛനാകാനും

Posted By

IMAlive, Posted on September 5th, 2019

What tests you need before trying to get pregnant by Dr Smithi Sanal

ലേഖിക:ഡോ. സ്മിതി സനൽ സീനിയർ കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ്&ലാപ്പറോസ്‌കോപ്പിക് സർജൻ കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ, കാക്കനാട്

 

സാധാരണ കാണാനെത്തുന്ന രോഗികളിൽ നിന്ന് വ്യത്യസ്തരായിരുന്നു ആ ദമ്പതികൾ. രൂപേഷും അഞ്ജനയും. ഇരുവരും ഐറ്റി ഫീൽഡിലാണ് ജോലിചെയ്യുന്നത്. വിവാഹം കഴിഞ്ഞിട്ട് രണ്ടു മാസമേ ആയിട്ടുണ്ടായിരുന്നൂള്ളൂ. ഒരു കുഞ്ഞിനെ അവർ ആഗ്രഹിക്കുന്നുണ്ടായിരുന്നു. അതിന് മുമ്പായി എന്തെല്ലാം തയ്യാറെടുപ്പുകൾ നടത്തേണ്ടതുണ്ട് എന്ന് അറിയുവാനായിട്ടാണ് അവർവന്നത്. അതാണ് സാധാരണയായി എത്തുന്ന രോഗികളിൽ നിന്ന് വയത്യസ്തരായിരുന്നു അവരെന്ന് തുടക്കത്തിൽ എഴുതിയത്. നമ്മൂടെ നാട്ടിൽ ദമ്പതികൾ ഒരു ഗൈനക്കോളജിസ്റ്റിനെ കാണാനെത്തുന്നത് ഒന്നുകിൽ ഗർഭം ധരിച്ചതിന് ശേഷമോ അല്ലെങ്കിൽ ഗർഭം നടക്കാത്ത സാഹചര്യത്തിലോ ആണ്. രൂപേഷ്-അഞ്ജന ദമ്പതികളെ പോലെ പ്രഗ്‌നൻസി പ്രിപ്പറേഷനു വേണ്ടി ഡോക്ടറുടെ നിർദ്ദേശങ്ങൾ അറിയാൻ എത്തുന്നവർ നമ്മുടെ നാട്ടിൽ വളരെ കുറവാണ്. അതുകൊണ്ടുതന്നെ അവരുമായി സംസാരിച്ചപ്പോൾ ഏറെ സന്തോഷം തോന്നി.

അമ്മയാകാനുള്ള തയ്യാറെടുപ്പുകൾ

തൈറോയ്ഡും ഷുഗറും ഇന്ന് കേരളത്തിൽ വ്യാപകമായി കണ്ടുവരുന്ന രണ്ടു പ്രശ്‌നങ്ങളാണ്. അതുകൊണ്ട് അമ്മയാകാൻ തയ്യാറെടുപ്പുകൾ നടത്തുന്ന സ്ത്രീ ടി.എസ്.എച്ച്  നോർമ്മൽ ആണോ എന്ന് നോക്കുന്നത് അത്യാവശ്യമാണ്. ടി.എസ്.എച്ച്  ലെവൽ മൂന്നിൽ താഴെ ആണെങ്കിൽ മാത്രമേ ഗർഭം ധരിക്കാൻ പാടുള്ളൂ.

അവസാനത്തെ മൂന്നുമാസത്തെ ഷുഗർ കൺട്രോൾ അറിയാനുള്ള ടെസ്റ്റാണ് ഇപ്പോൾ നടത്തുന്നത്.  എച്ച്ബിഎ വൺ സി എന്നാണ് ഈ ടെസ്റ്റ് അറിയപ്പെടുന്നത്. വെറുമൊരു ഷുഗർ ടെസ്റ്റ് നടത്തിയാൽ ചിലപ്പോൾ കൃത്യമായ വിവരം അറിഞ്ഞുകൊള്ളണം എന്നില്ല. ഒരു ദിവസം ഭക്ഷണം കഴിച്ചതിന്റെ അളവി കുറഞ്ഞുപോയാൽ പരിശോധനയിൽ ഡയബറ്റിക് ആണെങ്കിലും ചിലപ്പോൾ ഷുഗർ കണ്ടെത്തണം എന്നില്ല. അതുകൊണ്ടാണ് മേൽപ്പറഞ്ഞ ടെസ്റ്റ് നടത്തുന്നത്.

ഗ്രൂപ്പ് നെഗറ്റീവാണോ പോസിറ്റീവാണോ എന്ന് നോക്കുന്നതാണ് മറ്റൊരു ടെസ്റ്റ്, ഇതിനെക്കാളെല്ലാം പ്രധാനപ്പെട്ടത് അമിതവണ്ണമാണ്. അമിതവണ്ണം ത്തിന് മുമ്പുതന്നെ പല പെൺകുട്ടികളുടെയും വലിയൊരു ആരോഗ്യപ്രശ്‌നമാണ്. .അമിതവണ്ണം ഉണ്ടോയെന്ന് അറിയാൻ വളരെ എളുപ്പത്തിലുള്ള ഒരു മാർഗ്ഗമുണ്ട്. പൊക്കം സെന്റിമീറ്ററിൽ കണക്കുകൂട്ടുക. ഉദാഹരണത്തിന്റ് 165 സെന്റിമീറ്റർ പൊക്കമുണ്ട് ഒരു പെൺകുട്ടിക്ക് എങ്കിൽ അതിൽ നിന്ന് നൂറ് കുറയ്ക്കൂക. ഇതാണ് ഒരു പെൺകുട്ടിയ്ക്ക് അവശ്യം ഉണ്ടായിരിക്കേണ്ട തൂക്കം. അതായത് അറുപത്തിയഞ്ച് കിലോ. അതിൽ കൂടുതൽ തുക്കം ഉണ്ടെങ്കിൽ അമിതവണ്ണത്തിലാണ് പെടുത്തേണ്ടത് അമിതവണ്ണം അബോർഷൻ സാധ്യത മൂന്നിരട്ടി വർദ്ധിപ്പിക്കുന്ന ഒരു ഘടകമായതിനാൽ വണ്ണം കുറച്ചതിന് ശേഷം മാത്രമേ ഗർഭിണിയാകാവു, തൂക്കത്തിന്റെ പത്തു ശതമാനമെങ്കിലും കൂറയ്‌ക്കേണ്ടിയിരിക്കുന്നു. ജീവിതശൈലിയിൽ വന്ന മാറ്റവും നഗരവൽക്കരണവുമാണ് എല്ലായ്‌പ്പോഴും അമിതവണ്ണത്തിന് കാരണമാകുന്നത്, ഇഷ്ടമുള്ള ഭക്ഷണം കൂടുതൽ കഴിക്കുന്നതും ഹോട്ടൽ ഭക്ഷണവും പലപ്പോഴും അമിതവണ്ണത്തിന്റെ പ്രധാന കാരണങ്ങളാണ്. പ്രഗ്‌നൻസി പ്ലാൻ ചെയ്യുന്നതിന് മുമ്പ് സ്ത്രീകൾ ഫോളിക് ആസിഡ് ഗുളിക ഡോക്ടറുടെ നിർദ്ദേശ്രപകാരം കഴിക്കേണ്ടതാണ്.

ഇതിനോടൊപ്പം ദീർഘകാലമായുള്ള അസുഖങ്ങൾ, ദന്തരോഗങ്ങൾ എന്നിവ ഉണ്ടെങ്കിൽ അവ നിയന്ത്രിക്കണം. കൂടാതെ ചർമ്മ രോഗങ്ങൾ, ഗുഹ്യരോഗം (veneral diseases) എന്നിവയും കൃത്യമായി തിരിച്ചറിയുകയും പരിഹാരം തേടുകയും വേണം.

അച്ഛനാകാനുള്ള തയ്യാറെടുപ്പുകൾ

പുരുഷന്മാർ കൗണ്ട് പരിശോധന നേരത്തെ നടത്തുന്നത് ഉചിതമാണ്. ഇത് ബിജത്തിന്റെ ചലനശേഷിയും ഗുണവും മനസ്സിലാക്കാൻ സാധിക്കും. ടെൻഷന്റെയും ജോലി സമ്മർദ്ദങ്ങളൂടെയും കാലത്താണ് പല ചെറുപ്പക്കാരും ഇന്ന് ജീവിക്കുന്നത്, ടെൻഷൻ ബീജത്തിന്റെ ശക്തിയെ ദോഷകരമായി ബാധിക്കുന്നുണ്ട്. ഗർഭം ധരിച്ചാൽ തന്നെ ഇത് പിന്നീട് പ്രതികൂലമായി മാറിയേക്കാം. ജീവിതാവസാനം വരെ ടെൻഷൻ നമ്മുടെ കൂടെയുണ്ടാകും. അത് ഇല്ലാതാക്കാൻ നമുക്ക് കഴിയില്ല. പക്ഷേ ടെൻഷനെ കൈകാര്യം ചെയ്യാൻ നമ്മൾ ശ്രമിക്കണം, പഠിക്കണം. വ്യായാമം, മെഡിറ്റേഷൻ, പ്രഭാതനടത്തം, പ്രാർത്ഥന എന്നിവയെല്ലാം ടെൻഷനിൽ നിന്ന് മോചനം നേടാൻ വളരെ സഹായകരമാണ്. ഇന്ന് പല പുരുഷന്മാരും മൊബൈലിന്റെയും ഇന്റർനെറ്റിന്റെയും ലോകത്താണ് കൂടുതൽ സമയം ചെലവഴിക്കുന്നത്. അതിൽ നിന്ന് മാറി ടെൻഷൻ വിമുക്തമായ ജീവിതശൈലി സ്വീകരിക്കുക. അതുപോലെ പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കുകയും വേണം. പ്രത്യേകിച്ച് പ്രഗ്‌നൻസിക്ക് തയ്യാറെടുപ്പുകൾ നടത്തുന്ന മുന്നു മാസത്തേക്ക് എങ്കിലും.

സ്‌നേഹമാണ് പ്രധാനം

മേൽപ്പറഞ്ഞവയെല്ലാം വൈദ്യശാസ്ത്രപരമായ നിർദ്ദേശങ്ങളും പോംവഴികളുമാണെങ്കിലും ഒരു കുഞ്ഞുണ്ടാകാൻ ഏറ്റവും പ്രധാനം ദമ്പതികൾക്കിടയിലെ ഊഷ്മളമായ സ്‌നേഹബന്ധമാണ്. സ്‌നേഹത്തിൽ നിന്നാണ് കുഞ്ഞുങ്ങൾ ജനിക്കേണ്ടത്. സമയവും കാലവും നോക്കി മാത്രം ബന്ധപ്പെടുന്ന അപൂർവ്വം ചില ചെറുപ്പക്കാരായ ദമ്പതികൾ പോലുമുണ്ട്. ദമ്പതികൾ തുടർച്ചയായി ബന്ധപ്പെടേണ്ടിയിരിക്കുന്നു. പരസ്പരം സ്‌നേഹിച്ചും ആദരിച്ചും ജീവിക്കുന്ന ദമ്പതിമാർക്കിടയിലെ ലൈംഗികബന്ധത്തിൽ പോസിറ്റീവ് ഹോർമോണുകൾ ഉല്പാദിക്കപ്പെടുന്നുണ്ട്. ഇത് കുഞ്ഞുണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ചുരുക്കത്തിൽ ദമ്പതിമാർ തമ്മിൽ സൗഹൃദപൂർവ്വമായ സ്‌നേഹബന്ധം സൃഷ്ടിക്കാനും നിലനിർത്താനും ശ്രമിക്കുക. അതിനൊപ്പം ആരോഗ്യ കാര്യങ്ങളിലും ശ്രദ്ധ പതിപ്പിക്കുക. അപ്പോൾ എല്ലാം നല്ലതുപോലെ സംഭവിക്കും.

A healthy lifestyle, including diet and exercise, is especially important during pregnancy