×

തിമിര ശസ്ത്രക്രിയ; ചില മിഥ്യാധാരണകൾ

Nine Common Cataract Myths to get rid off

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

1. തിമിരം കണ്ണിന് മീതെയുള്ള ഒരു പാടയാണ്. 

തീർത്തും തെറ്റായ ധാരണയാണിത്. കണ്ണിലെ സെൻസിന്റെ സുതാര്യത നഷ്ടപ്പെട്ട് കാഴ്ചക്കുറവുണ്ടാകുന്ന അവസ്ഥയാണ് തിമിരം. കണ്ണിലെ ലെൻസാണ് വെളിച്ചത്തെയും വസ്തുക്കളെയും കണ്ണിന്റെ പുറകുവശത്തുള്ള ഞരമ്പുകളിലേക്കു പതിപ്പിക്കുന്നത്. ഞരമ്പുകളിൽ നിന്നു വൈദ്യുത തരംഗങ്ങളായി തലച്ചോറിലേയ്ക്ക് ഈ പ്രതിബിംബങ്ങൾ പോകുന്നു. അതിനാൽത്തന്നെ ലെൻസിന് സംഭവിക്കുന്ന മങ്ങലുകൾ കാഴ്ചയെ വലിയ രീതിയിൽ ബാധിക്കുന്നു. 

 

2. തുള്ളിമരുന്ന് ഉപയോഗിച്ച് തിമിരം ഭേദപ്പെടുത്താം.

ശരിയല്ല. തിമിരം സുഖപ്പെടുത്തുന്നതിനു കഴിവുണ്ടെന്നു തെളിയിക്കപ്പെട്ട മരുന്നുകളില്ല. തിമിരത്തിന് പരിഹാരമായി ശസ്ത്രക്രിയ മാത്രമേ നിലവിലുള്ളൂ. 

 

3. തിമിര ശസ്ത്രക്രിയയ്ക്ക് ശേഷം മൂന്നു മാസത്തെ വിശ്രമം അത്യാവശ്യമാണ്

തെറ്റായ ധാരണയാണിത്. തിമിര ശസ്ത്രക്രിയയ്ക്ക് ശേഷം വളരെ കുറഞ്ഞ വിശ്രമ സമയം മതി. മിക്കവാറും ഒരു ദിവസത്തെ വിശ്രമം മതിയാവും.

 

4. കിടക്കയിൽ തന്നെ കിടന്നുകൊണ്ടുള്ള വിശ്രമം ആവശ്യമാണ്

ശരിയല്ല. ആധുനിക തിമിര ശസ്ത്രക്രിയക്കു ശേഷം ഒറ്റ ദിവസത്തെ വിശ്രമശേഷം പ്രവൃത്തികളിലേക്കു തിരിച്ചു പോകാം. 

 

5. തിമിര ശസ്ത്രക്രിയയ്ക്കു ശേഷമുള്ള കാഴ്ച, ഉപയോഗിക്കുന്ന ലെൻസിനെ ആശ്രയിച്ചിരിക്കും.

ചില സന്ദർഭങ്ങളിൽ ഇതു ശരിയാണ്. തിമിര ശസ്ത്രക്രിയയ്ക്കു ശേഷം ലഭിക്കുന്ന കാഴ്ചശക്തി ലെൻസുകളുടേതുമായി താരതമ്യം ചെയ്യാവുന്നതാണെങ്കിലും മികച്ചതുപയോഗിക്കുമ്പോൾ കാഴ്ചയുടെ മേന്മയിൽ ശ്രദ്ധേയമായ മാറ്റം ഉണ്ടാവും. 

 

6. തിമിര ശസ്ത്രക്രിയയ്ക്കു ശേഷം കറുത്തകണ്ണട ധരിച്ചിരിക്കണം. 

ഇതു ശരിയല്ല. മിക്ക ആധുനിക ലെൻസുകളും അപകടകാരികളായ പ്രകാശ രശ്മികളെ കടത്തിവിടാത്ത ഫിൽറ്റർ കൂടി ഉൾപ്പെട്ടതാണ്

 

7. തിമിര ശസ്ത്രക്രിയയ്ക്കു ശേഷം കാഴ്ച്ചശക്തി അവസാനംവരെ മേൻമയോടെ തുടരും.

ശസ്ത്രക്രിയാനന്തരം കൃത്യമായ ഇടവേളകളിൽ നേത്ര പരിശോധന നടത്തിക്കൊണ്ടിരിക്കാത്ത പക്ഷം പ്രമേഹ സംബന്ധിയായ റെറ്റിനോപ്പതി, ഗ്ളോക്കോമ എന്നിവ കാഴ്ച ശക്തിയെ പ്രതികൂലമായ ബാധിക്കുന്നതാണ്. 

 

8. തിമിര ശസ്ത്രക്രിയ കൊണ്ട് എല്ലാവിധ അപവർത്തന (റിഫ്രാക്ടീവ്) തെറ്റുകളും പരിഹരിക്കാവുന്നതാണ്.

ശരിയല്ല. ഹ്രസ്വമോ, ദീർഘമോ ആയ കാഴ്ചശക്തിയെ തിരുത്തുവാൻ കഴിവുള്ള ഒരു മോണോഫോക്കൽ ലെൻസ് സ്ഥാപിക്കുകയാണ് സാധാരണയായി തിമിര ശസ്ത്രക്രിയയിൽ ചെയ്യാറുള്ളത്. അസ്റ്റിഗ്മാറ്റിസം പോലുള്ള അപവർത്തന തെറ്റുകൾ തിരുത്താൻ ടോറിക്ക് ലെൻസ് എന്ന പ്രത്യേകതരം ലെൻസ് ആവശ്യമാണ്.

 

9. തിമിര ശസ്ത്രക്രിയയ്ക്ക് വിധേയനായ ആൾക്ക് പൂർണമായ കാഴ്ച ലഭിക്കുന്നതാണ്. 

തെറ്റാണ്. കേടുപാടുകൾ സംഭവിച്ച ലെൻസ് മാറ്റി പകരം കൃത്രിമ ലെൻസ് സ്ഥാപിക്കുകയാണ് ശസ്ത്രക്രിയയിലൂടെ ചെയ്യുന്നത്. ഗ്ലോക്കോമ, ഡയബറ്റിക് റെറ്റിനോപതി, മാക്യുലർ ഡീജനറേഷൻ തുടങ്ങിയ രോഗങ്ങളാൽ കാഴ്ചശക്തി കുറഞ്ഞിട്ടുള്ളവർക്ക് തമിരബാധ കൂടിയുണ്ടായാൽ ഈ ശസ്ത്രക്രിയ കൊണ്ട് തിമിരം കൊണ്ടുള്ള പ്രശ്നപരിഹാരം മാത്രമേ സാധ്യമാകുന്നുള്ളു

A cataract is a clouding of the lens inside the eye, causing vision loss that cannot be corrected with glasses