×

റൂമറ്റോയ്ഡ് ആർത്രൈറ്റിസ് രോഗത്തെ അടുത്തറിയാം

Posted By

What does rheumatoid arthritis feel like

IMAlive, Posted on October 9th, 2019

What does rheumatoid arthritis feel like

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

നമ്മുടെ നാട്ടിൽ വളരെ സാധാരണമായി കണ്ടുവരുന്ന ഒരു സന്ധിവാതരോഗമാണ് റൂമറ്റോയ്ഡ് ആർത്രൈറ്റിസ്. ലോകജനസംഖ്യയുടെ ഏതാണ്ട് ഒരു ശതമാനത്തോളം ആളുകൾക്ക് ഈ അസുഖമുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സാധാരണയായി 40 വയസ്സിന് താഴെയുള്ള സ്ത്രീകളിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്. അപൂർവ്വമായി പുരുഷൻമാരിലും കുട്ടികളിലും ഈ രോഗം വരാം. ആധുനികവൈദ്യശാത്ര പ്രകാരം ഇതൊരു ഓട്ടോ ഇമ്മ്യൂൺ രോഗമാണ്(രോഗപ്രതിരോധ സംവിധാനങ്ങളിലെ തകരാറുകൾ മൂലം ഉണ്ടാകുന്ന രോഗം).

വിവിധതരം ലിംഫ് ഗ്രന്ഥികൾ , വെളുത്ത രക്താണുക്കൾ, പ്ലീഹ തുടങ്ങിയവയൊക്കെ ചേർന്ന് വളരെ സങ്കീർണമായ രോഗപ്രതിരോധവ്യവസ്ഥയാണ് മനുഷ്യശരീരത്തിലുള്ളത്. ശരീരത്തിലേയ്ക്ക് കടന്നുവരുന്ന രോഗാണുക്കൾ, വിഷാംശങ്ങൾ എന്നിവയൊക്കെ നിർവീര്യമാക്കുന്നതിനോ, ഇല്ലാതാക്കുന്നതിനോ വേണ്ടി പല ആന്റിബോഡികളിലും രോഗപ്രതിരോധവ്യവസ്ഥ ഉൽപ്പാദിപ്പിക്കുന്നു. എന്നാൽ ഓട്ടോ ഇമ്മ്യൂൺ രോഗങ്ങളിൽ രോഗപ്രതിരോധവ്യവസ്ഥ  നമ്മുടെ ശരീരകോശങ്ങൾക്കെതിരെത്തന്നെ ആന്റിബോഡികൾ ഉണ്ടാക്കുകയും അവ ശരീരകോശങ്ങൾക്കും, പല അവയവങ്ങൾക്കും കേടുപാടുകൾ ഉണ്ടാക്കുകയും ചെയ്യുന്നു. റൂമറ്റോയ്ഡ് ആർത്രൈറ്റിസ് രോഗത്തിൽ ഇത്തരം ആന്റിബോഡികൾ സന്ധികളെയാണ് ബാധിക്കുന്നത്.

രണ്ടോ അതിലധികമോ അസ്ഥികൾ കൂടിച്ചേരുന്ന ഭാഗമായ സന്ധികളെ ആവരണം ചെയ്യുന്ന ദ്രവരൂപത്തിലുള്ള വസ്തുവാണ് സൈനോവിയൽ മെംബ്രൈൻ. ഈ ആവരണത്തിലാണ് ആന്റിബോഡികൾ ആദ്യം പ്രവർത്തിച്ച് തുടങ്ങുക. അതിന്റെ ഫലമായി സൈനോവിയൽ മെംബ്രൈൻ വികസിക്കുകയും സന്ധികളിൽ വീക്കവും ചുവപ്പ് നിറവും ഉണ്ടാക്കുകയും അതിൽ നിന്ന് സൈനോവിയൽ ദ്രാവകം സന്ധികളിൽ നിറയുകയും ചെയ്യുന്നു. അതിന്റെയെല്ലാം ഫലമായി സന്ധികളിൽ നീർക്കെട്ട്, വേദന, പിടുത്തം തുടങ്ങിയ അസ്വസ്ഥതകൾ ഉണ്ടാകുന്നു. തുടക്കത്തിൽ ഒന്നോ രണ്ടോ സന്ധികളെ ബാധിക്കുന്ന രോഗം പിന്നീട് മറ്റ് സന്ധികളെ ബാധിക്കുകയും ആന്തരികാവയവങ്ങളിൽ തകരാറുണ്ടാക്കുകയും ചെയ്യാം.

രോഗലക്ഷണങ്ങൾ


• സന്ധികളിൽ ഉണ്ടാകുന്ന വേദന
• സന്ധികളിൽ നീർവീക്കം
• സന്ധികൾ ചലിപ്പിക്കുവാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക
• സന്ധികൾക്ക് ചുറ്റുപാടും ചൂട് വർധിക്കുന്നു
• സന്ധികൾക്ക് ചുറ്റുമുള്ള ചർമ്മം ചുവപ്പ് നിറമാകുന്നു
• തളർച്ചയും അസുഖമുള്ളതായുള്ള തോന്നലും
• ശരീരഭാരം കുറയുക
• ഉറക്കം കുറയുക
• പേശീവേദന
• പേശികളുടെ ബലം ക്ഷയിക്കുക
• ആയാസമുള്ള ജോലിയിലേർപ്പെടുമ്പോൾ പെട്ടെന്ന് തളരുക

രോഗനിർണയo


ക്ലിനിക്കൽ പരിശോധനയിലൂടെയാണ് രോഗനിർണയം നടത്തുന്നത്. എക്സ്-റേ, സി.ടി. സ്കാൻ, എം.ആർ.ഐ എന്നിങ്ങനെയുള്ള പരിശോധനകളും രക്തപരിശോധനയും ചിലപ്പോൾ ആവശ്യമായി വരും. കൂടാതെ രോഗചരിത്രം കൃത്യമായി മനസ്സിലാക്കുന്നത് രോഗനിർണയം  എളുപ്പമാക്കിയേക്കാം.

ചികിത്സ
• വ്യായാമത്തിലൂടെ അസുഖം ബാധിച്ച സന്ധികൾക്ക് ആശ്വാസം പകരാനും, രോഗത്തിന്  ദീർഘകാലാടിസ്ഥാനത്തിൽ ഗുണം ചെയ്യാനും സാധിക്കുന്നു.

• ഫിസിക്കൽ തെറാപ്പിയിലൂടെ സന്ധികളുടെ ചലനക്ഷമതയിൽ കാര്യമായ മാറ്റം വരുത്താനും വേദന കുറയ്ക്കാനും സാധിക്കും.

• പലതരം മരുന്നുകൾ ചികിത്സയ്ക്കായി ഉപയോഗിക്കുന്നുണ്ടെങ്കിലും , പാർശ്വഫലങ്ങൾ കുറഞ്ഞ വീര്യം കുറവുള്ള മരുന്നുകളാണ് ആദ്യ ഘട്ടത്തിൽ ഉപയോഗിക്കുക. തുടർന്ന് രോഗത്തിന്റെ കാഠിന്യമനുസരിച്ച് മരുന്നിൽ മാറ്റം വരുത്തിയേക്കാം.

 

Rheumatoid arthritis is an autoimmune disease