Posted By
ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്
Edited by: IMAlive Editorial Team of Doctors
തോല്ക്കാന് മനസില്ലെന്നുറപ്പിച്ചാല് ജീവിതത്തില്‍ പ്രതിസന്ധികള്‍ക്ക് സ്ഥാനമുണ്ടോ? നിശ്ചയ ദാര്‍ഢ്യത്തിനും മനക്കരുത്തിനും മുന്നില്‍ മറ്റെന്തിനെയും അതിജീവിച്ച നിരവധി ഉദാഹരങ്ങള്‍ ചൂണ്ടിക്കാട്ടാനുള്ളപ്പോള്‍ മറിച്ച് ചിന്തിക്കേണ്ടതില്ല. ക്യാന്‍സര്‍ എന്നാല്‍ ഇന്ന് അതിജീവനത്തിന്റേത് കൂടിയാണ്. രോഗം ബാധിച്ചാല്‍ രക്ഷയില്ല എന്ന് ചിന്തിച്ചിരുന്ന കാലം കഴിഞ്ഞു. രോഗത്തെക്കുറിച്ചുള്ള തെറ്റായ ധാരണകള്‍ മാത്രമാണ് വില്ലനായി രംഗത്തുള്ളത്. അനുഭവങ്ങളും അതിജീവനങ്ങളുംകൊണ്ട് തന്നെ ഈ ചിന്തക്ക് മറുപടി നല്കാന് സമൂഹം തയ്യാറായിക്കഴിഞ്ഞു.
നിശ്ചയ ദാര്‍ഢ്യത്തിനു മുന്നില്‍ രോഗം മുട്ടുമടക്കിയ കഥയുമായി പൗലോസ്
പൗലോസ് അലക്സ് എന്ന പത്തനാപുരത്തുകാരനായ യുവ എന്‍ജിനീയര്‍. നാവിലാണ് അര്‍ബുധം ബാധിച്ചത്. അഡ്വാന്‍സ് സ്റ്റേജ് എത്തിയതിനാല്‍ തന്നെ ഇനി ഒന്നും ചെയ്യാനാകില്ലെന്ന അവസ്ഥ. നാവ് മുറിച്ചു മാറ്റേണ്ടി വരുമെന്നും സംസാരശേഷി പൂര്‍ണമായും നഷ്ടപ്പെടുമെന്നും ഡോക്ടര്‍മാരുടെ വിധിയെഴുത്ത്. എന്നാല്‍ ഇതൊന്നും വേണ്ടി വന്നില്ല പൗലോസിന്റെ തിരിച്ചുവരവിന്. ഡോക്ടര്‍മാരുടെ ഭാഷയില്‍ വൈദ്യ ശാസ്ത്രത്തിലെ അത്ഭുതം. പൗലോസിന് തന്റെ മനക്കരുത്തും ആത്മ ധൈര്യവും.
ജീവിക്കണമെന്ന അതിയായ ആഗ്രഹം, അതുതന്നെയാണ് പൗലോസിന് അതിജീവനത്തിലേക്കുള്ള മാര്‍ഗമായത്. കുടുംബത്തിന് തണലാകണം. വാര്‍ധക്യത്തിലെത്തിയ രക്ഷിതാക്കള്‍ക്ക് തുണയാകണം, സഹോദരിയെ മറ്റൊരാള്‍ക്ക് കൈപിടിച്ചു നല്‍കണം..ഇങ്ങനെ ചെയ്തു തീര്‍ക്കാന്‍ ഒട്ടേറെയുണ്ട്.
തിരിച്ചുകിട്ടില്ലെന്ന് കരുതിയ സംസാരശേഷി മാസങ്ങള്‍കൊണ്ടുതന്നെ വീണ്ടെടുത്തു. ശരിയായ ചികിത്സയും ഭക്ഷണക്രമവും മാനസിക ധൈര്യവുമായിരുന്നു മരുന്ന്. വര്‍ഷങ്ങള്‍ക്കിപ്പുറം പൗലോസ് ഇന്ന് തന്റെ ആഗ്രഹങ്ങളെല്ലാം നിറവേറ്റിക്കൊണ്ടിരിക്കുന്ന തിരക്കേറിയ ഒരു എന്‍ജിനീയറാണ്.
How Paulose Alex defeated Cancer